ഇരിയണ്ണി ടൗണിന് സമീപം വീണ്ടും പുലിയിറങ്ങി
1487167
Sunday, December 15, 2024 3:22 AM IST
ഇരിയണ്ണി: മുളിയാർ പഞ്ചായത്തിൽ ഇരിയണ്ണി ടൗണിനു സമീപം വീണ്ടും പുലിയിറങ്ങി. ബോവിക്കാനം-ഇരിയണ്ണി റോഡരികിൽ അധ്യാപികയായ സുമാദേവിയുടെ വീടിന് എതിർവശത്തുള്ള പാറപ്രദേശത്താണ് കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചരയോടെ പുലിയെ കണ്ടത്. സുമാദേവിയുടെ മക്കളായ ശിവാനിയും അമൽരാജുമാണ് പുലിയെ ആദ്യം കണ്ടത്. ഇവർ അമ്മയെ വിവരമറിയിച്ച് നിരീക്ഷിക്കുന്നതിനിടെ പുലി പാറക്കൂട്ടത്തിന്റെ ഇടയിൽ മറഞ്ഞു.
ഇരിയണ്ണി ടൗണിൽ നിന്ന് 200 മീറ്റർ മാത്രം മാറിയാണ് ഈ സ്ഥലം. ഒരാഴ്ച മുമ്പ് ഇരിയണ്ണിയിലെ ഹോട്ടൽ ജീവനക്കാരി കനകയുടെ മുന്നിലേക്ക് മരത്തിനു മുകളിൽനിന്ന് പുലി ചാടിവീണതും ഇതിനടുത്ത സ്ഥലത്തുവച്ചാണ്. ഇരിയണ്ണി സ്കൂളിലെ വിദ്യാർഥികൾ രണ്ടു പുലികളെ ഒരുമിച്ച് കണ്ടതും ഇതിനടുത്താണ്.
ടൗണിനോടു ചേർന്നുതന്നെ കാടുകളുള്ളതിനാൽ പുലികൾക്ക് മറഞ്ഞിരിക്കാൻ ഇഷ്ടംപോലെ ഇടങ്ങളുണ്ട്. പ്രധാന റോഡും നടവഴികളുമെല്ലാം കാടുമായി ഇടകലർന്നു കിടക്കുന്നതിനാൽ നാട്ടുകാർ കടുത്ത ഭീതിയിലാണ്. പുലികൾ പകൽസമയത്തുതന്നെ പുറത്തിറങ്ങാൻ തുടങ്ങിയത് ഇവയ്ക്ക് മനുഷ്യനോടുള്ള ഭയം ഏതാണ്ട് വിട്ടുമാറിയതിന്റെ സൂചനയാണ്.
തെരുവുനായ്ക്കൾ ഇല്ലാതാകുന്നതോടെ ഇവ വളർത്തുമൃഗങ്ങൾക്കും മനുഷ്യനും നേരെ തിരിയുമെന്നാണ് നാട്ടുകാരുടെ ഭീതി. അതേസമയം ഇരിയണ്ണിക്കു സമീപം നേരത്തേ സ്ഥാപിച്ചിരുന്ന കൂട്ടിൽ പുലികളൊന്നും കുടുങ്ങാതിരുന്നതിനാൽ അത് തൊട്ടടുത്ത കാറഡുക്ക പഞ്ചായത്തിലെ അടുക്കാത്തൊട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഒരാഴ്ചയിലേറെയായിട്ടും അവിടെയും പുലികളൊന്നും കുടുങ്ങിയിട്ടില്ല. എന്നാൽ, പുലികളുടെ സാന്നിധ്യം അവിടെയുമുണ്ടെന്നതിന് നിരന്തരം തെളിവുകൾ കിട്ടുന്നുണ്ട്.