ദിവ്യകാരുണ്യത്തിൽ ജീവിക്കുമ്പോൾ ദിവ്യകാരുണ്യവർഷം സഫലമാകും: മാർ ജോർജ് വലിയമറ്റം
1487286
Sunday, December 15, 2024 6:48 AM IST
ചിറ്റാരിക്കാൽ: എല്ലാവരും ദിവ്യകാരുണ്യത്തിൽ ജീവിക്കുമ്പോഴാണ് ദിവ്യകാരുണ്യവർഷാചരണം സഫലമാവുകയെന്ന് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം. തോമാപുരത്ത് നടന്ന ദിവ്യകാരുണ്യ കോൺഗ്രസിനോടനുബന്ധിച്ച് അതിരൂപതയിലെ 210 ഇടവകകളിൽ നിന്നും എത്തിയ പ്രതിനിധികൾക്കായി നടത്തിയ വോക്സ് ദേയി (ദൈവശബ്ദം) ദിവ്യകാരുണ്യ പഠനശിബിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നമ്മെ യഥാർഥ വിശ്വാസികളാക്കുക എന്നതായിരുന്നു ദിവ്യകാരുണ്യ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ സമൂഹമാണ് സഭ. അത് സ്നേഹിക്കുന്നവരുടെ സമൂഹം കൂടിയാണ്. വിശ്വാസത്തിന്റെ പ്രകടനമാണ് ആരാധനയെന്നും മാർ വലിയമറ്റം പറഞ്ഞു.
വികാരി ജനറാൾ മോൺ.ആന്റണി മുതുകുന്നേൽ അധ്യക്ഷതവഹിച്ചു. ദിവ്യകാരുണ്യ കോൺഗ്രസ് ജനറൽ കൺവീനർ റവ.ഡോ.മാണി മേൽവെട്ടം, ഫാ.അമൽ മുഞ്ഞനാട്ട്, ഫാ.ജേക്കബ് വെണ്ണായിപ്പള്ളിൽ, ഫാ.സെബാൻ ചെരിപുറത്ത്, ഫാ.ജോസഫ് മുട്ടത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സീറോ മലബാർ സഭ - കുർബാനയും കൂദാശാക്രമവും എന്ന വിഷയത്തിൻ മംഗലപ്പുഴ സെന്റ് ജോസഫ്സ് മേജർ സെമിനാരിയിലെ പ്രഫസർ റവ.ഡോ.ജിജോ നെല്ലിക്കാക്കണ്ടത്തിൽ ക്ലാസെടുത്തു.
ഉച്ചയ്ക്കു ശേഷം നടന്ന സെഷനിൽ വിശുദ്ധ കുർബാനയും പഴയ നിയമ പശ്ചാത്തലവും എന്ന വിഷയത്തിൽ തൃശൂർ മേരിമാതാ മേജർ സെമിനാരി വൈസ് റെക്ടർ റവ.ഡോ.ഫ്രീജോ പാറയ്ക്കൽ ക്ലാസെടുത്തു. 210 ഇടവകകളിൽ നിന്നായി 1200 ഓളം പ്രതിനിധികൾ പങ്കെടുത്തു.