തപാൽ ഉരുപ്പടികൾ വൈകില്ല; കാസർഗോഡും തിരൂരും തൊടുപുഴയും ഇനി ഇൻട്രാ സർക്കിൾ ഹബുകൾ
1483842
Monday, December 2, 2024 6:14 AM IST
കാസർഗോഡ്: തപാൽ ഉരുപ്പടികൾ തരംതിരിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കുന്നതിനുള്ള കാസർഗോട്ടെ ആർഎംഎസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിച്ച് പകരം ഇതിനെ ഇൻട്രാ സർക്കിൾ ഹബ് ആക്കി മാറ്റാൻ തീരുമാനിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര വാർത്താവിനിമയമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിനും എംപി നൽകിയ കത്തിനുള്ള മറുപടിയായാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനമറിയിച്ചത്.
കാസർഗോഡിനൊപ്പം നിർത്തലാക്കാൻ തീരുമാനിച്ചിരുന്ന തിരൂർ, തൊടുപുഴ സോർട്ടിംഗ് ഓഫീസുകളും ഇൻട്രാ സർക്കിൾ ഹബുകളാക്കി മാറ്റും.
പ്രധാന നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന നാഷണൽ സോർട്ടിംഗ് ഹബുകളി (എൻഎസ്എച്ച്) ലാണ് സ്പീഡ് പോസ്റ്റ് അടക്കമുള്ള തപാൽ ഉരുപ്പടികൾ തരംതിരിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കുന്നതിന്റെ പ്രധാന ജോലികൾ നടക്കുന്നത്.
അതത് ജില്ലകളിലെ തപാൽ ഉരുപ്പടികളുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളാണ് കാസർഗോഡും തിരൂരും തൊടുപുഴയുമടക്കമുള്ള ചെറിയ സോർട്ടിംഗ് ഓഫീസുകളിൽ നടന്നിരുന്നത്. എന്നാൽ ഇതവസാനിപ്പിച്ച് ഡിസംബർ ഏഴുമുതൽ ഈ ഓഫീസുകളെ തൊട്ടടുത്തുള്ള ഐസിഎച്ചുകളിൽ ലയിപ്പിക്കാനായിരുന്നു നേരത്തേ കേന്ദ്രസർക്കാരിന്റെ തീരുമാനം.
ഇതോടെ കാസർഗോഡ്, മലപ്പുറം, ഇടുക്കി ജില്ലകളിലെ തപാൽ ഉരുപ്പടികൾ കണ്ണൂരും കോഴിക്കോട്ടും എറണാകുളത്തും നിന്ന് തരംതിരിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കേണ്ടിവരുന്ന സാഹചര്യമാകുമായിരുന്നു.
ഇതോടെ ഈ ജില്ലകളിൽ നിന്നുള്ള സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് അടക്കമുള്ള തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരുടെ കൈയിലെത്താൻ കാലതാമസമുണ്ടാകുന്ന അവസ്ഥ വരുമായിരുന്നു. ഈ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കത്ത് നൽകിയത്.
മൂന്നിടങ്ങളും ഇൻട്രാ സർക്കിൾ ഹബുകളാക്കി മാറ്റുന്നതോടെ അതത് ജില്ലകളിൽ പോസ്റ്റ് ചെയ്യുന്ന സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ്, എന്നിവയടക്കമുള്ള തപാൽ ഉരുപ്പടികളെല്ലാം ഇവിടങ്ങളിൽ വച്ചുതന്നെ തരംതിരിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയക്കാൻ സാധിക്കും.
കാസർഗോഡ് ജില്ലയിൽ നിന്ന് പാഴ്സലുകൾ മാത്രമാണ് ഇനി കണ്ണൂർ കേന്ദ്രം മുഖേന അയക്കേണ്ടിവരിക. സാധാരണ തപാൽ ഓഫീസുകളുടെ പ്രവൃത്തിസമയം കഴിഞ്ഞതിനുശേഷം വൈകിയെത്തുന്ന രജിസ്റ്റേഡ്, സ്പീഡ് പോസ്റ്റ് ഉരുപ്പടികൾ ഐസിഎച്ചുകളിൽ നേരിട്ട് നൽകുന്നതിനുള്ള സൗകര്യവുമുണ്ടാകും.
വൈകിട്ട് നാലുമുതൽ പുലർച്ചെ ഒമ്പതു വരെ ഈ സൗകര്യമുണ്ടാകും.