കളിവിളക്ക് തെളിഞ്ഞു
1483062
Friday, November 29, 2024 7:22 AM IST
ഉദിനൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഉദിനൂരില് തിരശീല ഉയര്‍ന്നു. സിനിമാതാരവും സംവിധായകനുമായ മധുപാല്‍ ഉദ്ഘാടനവും സുവനീര്‍ പ്രകാശനവും നിര്‍വഹിച്ചു. നാടിന്റെ ഒത്തൊരുമയും സ്നേഹ കൂട്ടായ്മയും തെളിയിക്കുന്നതാണ് കലോത്സവങ്ങളെന്നും അക്ഷരങ്ങളെയും കലയെയും ഒരു പോലെ നെഞ്ചേറ്റുന്ന ഉദിനൂര്‍ ഗ്രാമത്തില്‍ വന്നെത്തിയ സ്കൂള്‍ കലോല്‍സവം നാട്ടുകാരും കലാ സ്നേഹികളും വിജയിപ്പിക്കുന്നതില്‍ ഒരു മെയ്യായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇവിടെ നടക്കുന്ന കൂട്ടായ്മ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണന്, പി.വാസുദേവ് എന്നിവര്‍ സുവനീര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ലോഗോ രൂപകല്പന ചെയ്തതിനുള്ള ഉപഹാരം എം.രാജഗോപാലന്‍ എംഎല്‍എയും സ്വാഗതഗാനം ചിട്ടപ്പെടുത്തിയതിനുള്ള ഉപഹാരം ഇ.ചന്ദ്രശേഖരന് എംഎല്‍എയും നല്കി. സ്വാഗതഗാന രചയിതാവിന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉപഹാരം നല്കി.
ജില്ലാ പോലീസ് മേധാവിഡോ.ഡി.ശില്പ മുഖ്യാതിഥിയായിരുന്നു. ടി.വി.മധുസൂദനന്, ഇ.പി.രാജഗോപാലന്‍, ആര്.രാജേഷ് കുമാര്‍, മാധവന് മണിയറ, പി.വി.മുഹമ്മദ് അസ്ലം, എസ്.എന്‍.സരിത, എം.മനു, എം.സുമേഷ്, കെ.അനില്‍കുമാര്‍, പി.വി.അനില്‍കുമാര്‍, ടി.വിജയ ലക്ഷ്മി, വി.ദിനേശ, പി.വി.ലീന, വി.വി.സുരേശന്, പി.സുരേന്ദ്രന്, വി.വി.ശ്രീജ, കെ.സുബൈദ എന്നിവര്‍ പ്രസംഗിച്ചു.