ഒരുമയുടെ പെണ്ണഴക്
1483288
Saturday, November 30, 2024 5:56 AM IST
ഉദിനൂര്‍: യൂണിഫോം വസ്ത്രങ്ങളണിഞ്ഞ അധ്യാപികമാരും കുടുംബശ്രീ പ്രവര്‍ത്തകരും മുതല്‍ ഗൈഡ് വോളണ്ടിയര്‍മാരും എസ്പിസി കേഡറ്റുകളും വരെയുള്ള പെണ്‍പടയാണ് ആദ്യദിനം മുതല്‍ കലോത്സവവേദിയിലെ എല്ലാ കാര്യങ്ങളിലും നിറഞ്ഞുനില്ക്കുന്നത്.
എന്നാല്പിന്നെ ഒരുദിവസം സമ്പൂര്‍ണമായിത്തന്നെ അവര്‍ക്ക് വിട്ടുകൊടുത്താലോ എന്നായി സംഘാടകരുടെ ചിന്ത. അങ്ങനെ മേളയുടെ നാലാംദിവസം ഒരുമയുടെ പെണ്ണഴകിന്റെ ദിനമായി. പ്രോഗ്രാം കമ്മിറ്റി മുതല്‍ ഭക്ഷണശാല വരെ ഇന്നലെ വനിതകളുടെ മാത്രം നിയന്ത്രണത്തിലായിരുന്നു. പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല കെഎസ്ടിഎയിലെ അധ്യാപികമാരും ഭക്ഷണശാലയുടെ ചുമതല കെപിഎസ്ടിഎയിലെ അധ്യാപികമാരും ഏറ്റെടുത്തു.
യൂണിഫോം സാരിയുടുത്തെത്തിയ 240 അധ്യാപികമാരാണ് മൂന്ന് ഷിഫ്റ്റുകളിലായി പ്രോഗ്രാം കമ്മിറ്റിയുടെ മുഴുവന്‍ ചുമതലകളും ഏറ്റെടുത്തത്. സ്റ്റേജ് മാനേജര്‍, കോഓര്‍ഡിനേറ്റര്‍, ടൈം കീപ്പര്‍, അനൗണ്സര് തുടങ്ങിയ ചുമതലകളെല്ലാം ഇവര്‍ തന്നെ വഹിച്ചു. ഏഴ് ഉപജില്ലകളില്‍ നിന്നായുള്ള 150 അധ്യാപികമാര്‍ ഭക്ഷണശാലയിലും സജീവമായി. പച്ചയും മഞ്ഞയും നിറങ്ങളിലുള്ള സാരിയായിരുന്നു അധ്യാപികമാരുടെ ഇന്നലത്തെ യൂണിഫോം.