പ്ലാച്ചിക്കര-നരമ്പച്ചേരി-മാങ്ങോട് റോഡ് ശോചനീയാവസ്ഥയിൽ
1482837
Thursday, November 28, 2024 8:00 AM IST
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ പ്ലാച്ചിക്കര-നരമ്പച്ചേരി-മാങ്ങോട് റോഡ് ശോചനീയാവസ്ഥയിൽ. പ്ലാച്ചിക്കര മൃഗാശുപത്രി, ഭഗവതി ക്ഷേത്രം, നരമ്പച്ചേരി, കണ്ണൻകുന്ന് അങ്കണവാടി തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന റോഡ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കാൽനടയാത്ര പോലും ദുസഹമായ നിലയിലാണ്.
നല്ല നിലയിലായിരുന്നെങ്കിൽ ചിറ്റാരിക്കാൽ, നർക്കിലക്കാട്, വരക്കാട്, എളേരി, മയിലുവള്ളി, വിലങ്ങ്, മാങ്ങോട്, ചെന്നടുക്കം തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് വെള്ളരിക്കുണ്ടിലേക്ക് എത്താനുള്ള ബൈപാസ് റോഡായി ഇതിനെ പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നു. വിലങ്ങിൽ ചൈത്രവാഹിനി പുഴയ്ക്ക് കുറുകേ പാലം വന്നതോടെ എളേരിത്തട്ട് കോളജിലേക്കുൾപ്പെടെ ഇതുവഴി എളുപ്പത്തിൽ എത്താൻ കഴിയും.
പ്രതിദിനം നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന റോഡ് അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമക്കണമെന്ന് പ്ലാച്ചിക്കര കെ.കെ.സ്മാരക ക്ലബ് യോഗം ആവശ്യപ്പെട്ടു. അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകാത്തപക്ഷം ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരപരിപാടികൾ തുടങ്ങാനും യോഗം തീരുമാനിച്ചു.