റവന്യു ജില്ലാ സ്കൂള്‍ കലോത്സവം: ഹൊസ്ദുര്‍ഗ്, ദുര്‍ഗ ചാമ്പ്യന്മാര്
1483579
Sunday, December 1, 2024 6:32 AM IST
ഉദിനൂര്‍: റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ചാമ്പ്യന്മാര്. 925 പോയിന്റാണ് ഹൊസ്ദുര്‍ഗ് ഉപജില്ല നേടിയത്.
870 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ല രണ്ടാംസ്ഥാനവും 849 പോയന്റുമായി ആതിഥേയരായ ചെറുവത്തൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. ബേക്കല്‍ (788), കുമ്പള (776), ചിറ്റാരിക്കാല്‍ (734), മഞ്ചേശ്വരം (615) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.
സ്കൂളുകളില്‍ 248 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ദുര്‍ഗ സ്കൂളിന്റെ സമ്പാദ്യം. പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ് 197 പോയിന്റുമായി രണ്ടാംസ്ഥാനവും 186 പോയിന്റോടെ ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. നീലേശ്വരം രാജാസ് എച്ച്എസ്എസ് (185), ചായ്യോത്ത് ജിഎച്ച്എസ്എസ് (159) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്.
കല മനസുകളെ പവിത്രീകരിക്കും: കടന്നപ്പള്ളി രാമചന്ദ്രന്
ഉദിനൂര്‍: മനസുകളെ പവിത്രീകരിക്കാന്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. റവന്യു ജില്ല സ്കൂള്‍ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദിനൂര്‍ ജിഎച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി.
എ.കെ.എം. അഷ്റഫ് എംഎല്‍എ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. മുഹമ്മദ് അസ്ലം, വി.കെ. ബാവ, പി.പി. പ്രസന്നകുമാരി, വി.വി. സജീവന്, സി.വി. പ്രമീള, കണ്ണൂര്‍ ആര്‍ഡിഡി ആര്. രാജേഷ്കുമാര്‍, വിഎച്ച്എസ്ഇ എഡി ഇ.ആര്. ഉദയകുമാരി, കാസര്‍ഗോഡ് ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ. രഘുറാംഭട്ട്, ഡിപിസി എസ്എസ്കെ വി.എസ്. ബിജുരാജ്, വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍, കൈറ്റ് കോ-ഓര്‍ഡിനേറ്റര്‍ റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ കെ. അരവിന്ദ, ചെറുവത്തൂര്‍ എഇഒ രമേശന് പുന്നത്തിരിയന്, ചിറ്റാരിക്കാല്‍ എഇഒ പി.പി. രത്നാകരന്, ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ എം.ടി.പി. ഇസ്മയില്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി. സത്യന് മാടക്കാല്‍ നന്ദിയും പറഞ്ഞു
ഗോത്രകലകള്‍ക്ക് പുതുതലമുറയിലൂടെ പുനരുജ്ജീവനം
ഉദിനൂര്‍: മറവിയലാണ്ടുപോയിരുന്ന ഗോത്രകലകള്‍ക്ക് പുനരുജ്ജീവനമേകി പുതുതലമുറ. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, ഇരുളനൃത്തം, മലപുലയാട്ടം എന്നീ കലകളെ കലോത്സവേദി അക്ഷരാര്‍ഥത്തില്‍ നെഞ്ചിലേറ്റി. 15 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഏറെ മെയ് വഴക്കവും അധ്വാനവും വേണ്ടിവരികയും ഉച്ഛാരണത്തില്‍ ഏറെ ശ്രദ്ധ വേണ്ടിവരുന്നതുമായ കലാരൂപങ്ങള്‍ മനോഹരമായിട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്.
കലകളുടെയെല്ലാം ഉറവിടം ഗോത്രകലകളാണെന്ന് തെളിയിക്കുന്നതാണ് കുട്ടികളുടെ പ്രകടനമെന്ന് ഇരുളനൃത്തത്തിന്റെ പരിശീലകനായ അട്ടപ്പാടിയിലെ എസ്. പഴനിസ്വാമി പറയുന്നു. പഴനിസ്വാമിയും ഭാര്യ ശോഭയും ചേര്‍ന്നു പരിശീലനം നല്കിയ ചട്ടഞ്ചാല്‍ സ്കൂള്‍ ടീമാണ് ഈ വിഭാഗത്തില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഒന്നാമതെത്തിയത്.
അയ്യപ്പനും കോശിയും എന്ന സിനിമയില്‍ നഞ്ചമ്മ പാടിയ കലക്കാത്ത സന്തനമേലെ എന്ന ഗാനത്തിലൂടെയാണ് ഇരുളസമുദായത്തിന്റെ സംഗീതം പുറംലോകമറിയുന്നത്. തങ്കലാന് എന്ന തമിഴ് സിനിമയിലെ മിനുക്കി മിനുക്കി, അഡിയോസ് അമീഗോയിലെ മണ്ണേ നമ്പേ മരമിരിപ്പൂ എന്നീ ഗാനങ്ങളും ഇരുളസംഗീതത്തിന്റെ ഈണങ്ങളെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയതാണെന്ന് പഴനിസ്വാമി പറയുന്നു.
മണിപ്പുരിന്റെ നൊമ്പരവുമായി കമ്പല്ലൂര്‍ സ്കൂള്‍
ഉദിനൂര്‍: മണിപ്പുര്‍ കലാപത്തിന്റെ തീവ്രത കാഴ്ചക്കാരിലെത്തിച്ച് ഹയര്‍ സെക്കന്‍ഡറി വിഭാഗം മൈം ഷോയില്‍ കമ്പല്ലൂര്‍ ജിഎച്ച്എസ്എസ് ഒന്നാമതെത്തി.
മൂകാഭിനയത്തിന്റെ ചടുലതയില്‍ ഒരു വിദ്യാര്‍ഥിക്ക് ക്ഷീണമനുഭവപ്പെട്ടെങ്കിലും അത് വകവെക്കാതെ തുടര്‍ന്ന ടീം സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലം നിശബ്ദമായി അവതരിപ്പിച്ചാണ് കമ്പല്ലൂര്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ വിജയം സ്വന്തമാക്കിയത്. സുബിന് പയ്യന്നൂരാണ് ടീമിനെ പരിശീലിപ്പിച്ചത്.
നടനം കാലാനുസൃതം
ഉദിനൂര്‍: പാരമ്പര്യ തനിമകളിലൂന്നിയാണ് കുച്ചിപ്പുഡിയും ഭരതനാട്യവും മോഹിനിയാട്ടവുമൊക്കെ കലോത്സവവേദികളിലെത്തുന്നത്. പക്ഷേ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ പഠിക്കണമെങ്കില്‍ ഗുരുക്കന്മാര്ക്കൊപ്പം മാസങ്ങളും വര്‍ഷങ്ങളും നീളുന്ന ക്ഷമാപൂര്‍വമായ അഭ്യസനം വേണ്ടിവരുന്ന കാലമെല്ലാം മാറിപ്പോയി. മിക്കവരും കലോത്സവ ആവശ്യത്തിനായി ഏതാനും ആഴ്ചകളോ മാസങ്ങളോ മാത്രം ഗുരുക്കന്മാരുടെ അടുത്തുപോയി പഠിച്ചാണ് ഇപ്പോള്‍ വേദിയിലെത്തുന്നത്.
അതോടൊപ്പം പ്രശസ്തരുടെ യുട്യൂബ് വീഡിയോകള്‍ കണ്ട് മനസിലാക്കി അതിനനുസരിച്ച് അവതരണങ്ങളില്‍ പുതുമ കൊണ്ടുവരുന്നവരുമുണ്ട്. പദങ്ങളിലും അവതരണങ്ങളിലുമെല്ലാം അതിനനുസരിച്ച മാറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് വിധികര്‍ത്താക്കള്‍ പറയുന്നു. പാരമ്പര്യശൈലികളില് ഊന്നിനില്ക്കുമ്പോഴും പലരുടെയും ചലനങ്ങള്‍ സ്വയമറിയാതെ ദ്രുതമായിപ്പോകുന്നുണ്ട്.
ലാസ്യവും ശൃംഗാരവും കരുണവും ലജ്ജയുമൊക്കെ തന്മയീഭാവത്തോടെ അവതരിപ്പിക്കാന്‍ പുതിയ കുട്ടികളില്‍ പലര്‍ക്കും കഴിയുന്നില്ല. നൃത്തത്തിന്റെ പരമ്പരാഗത ശൈലിയില്‍ കണ്ണുകളുടെയും അധരങ്ങളുടെയും ചലനത്തിലൂടെ ഭാവങ്ങള്‍ അവതരിപ്പിക്കാന്‍ മിക്കവരും ശ്രമിക്കുന്നുണ്ടെങ്കിലും അതില്‍ ചെറിയൊരു കൃത്രിമത്വം അനുഭവപ്പെടുന്നുണ്ട്.
കമലദളം സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലുള്ള പരമ്പരാഗത സങ്കല്പങ്ങള്ക്കൊത്ത നര്‍ത്തകീ ലക്ഷണങ്ങളൊന്നും പുതിയ കാലത്തെ കുട്ടികളുമായി ഒത്തുപോകാത്തതാണ് പ്രശ്നം. പാരമ്പര്യമൂല്യങ്ങള്‍ പരമാവധി കൈവിടാതെ നില്‍ക്കുമ്പോഴും കാലാനുസൃതമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഇനിയുള്ള കാലത്ത് വിധികര്ത്താക്കള്ക്കുപോലും കഴിയില്ലെന്നതാണ് നൃത്തവേദികള്‍ നല്കുന്ന
പാഠം.