ചന്ദനമരം പിഴുതെടുത്ത് കടത്തിയ പ്രതി പിടിയിൽ
1483058
Friday, November 29, 2024 7:22 AM IST
മടിക്കൈ: വനംവകുപ്പിനെ വെട്ടിച്ച് പിഴുതെടുത്ത് കടത്തിക്കൊണ്ടുവന്ന ചന്ദനമരവുമായി ഒരാൾ പിടിയിലായി. കാഞ്ഞിരപ്പൊയിൽ പാടിത്തടത്തെ പി. രാമചന്ദ്രനെ(50)യാണ് കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മറ്റൊരാളിന്റെ വീട്ടുപറമ്പിൽനിന്നും വിലയ്ക്കുവാങ്ങി വേരോടെ പിഴുതെടുത്ത് കൊണ്ടുവന്ന മരം സ്വന്തം പറമ്പിൽ വച്ച് ചെത്തി ഒരുക്കുന്നതിനിടെയാണ് വനംവകുപ്പ് സംഘമെത്തിയത്. അഞ്ച് കിലോയോളം വരുന്ന ചന്ദന മരക്കഷണങ്ങൾ ഇയാളിൽനിന്നും പിടികൂടി.
മരം വിൽപ്പന നടത്തിയ ആളിന്റെ പേരിലും കേസെടുക്കും. രാമചന്ദ്രന്റെ സഹായികളായ രണ്ടുപേരെ കൂടി തെരയുന്നുണ്ട്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അനശ്വര, ജിതിൻ, ഭവിത്ത്, വാച്ചർ സുരേന്ദ്രൻ എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. രാമചന്ദ്രനെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.