തീരദേശത്തെ പാടങ്ങളിൽ വീണ്ടും ചീരക്കാലം
1483839
Monday, December 2, 2024 6:14 AM IST
കാഞ്ഞങ്ങാട്: മഴക്കാലം ഏതാണ്ട് കഴിഞ്ഞതോടെ തീരദേശത്തെ പാടങ്ങൾ വീണ്ടും ചീരകൃഷിയുടെ ചെമ്പട്ടണിഞ്ഞുതുടങ്ങി. കാഞ്ഞങ്ങാട് നഗരസഭയുടെയും അജാനൂർ പഞ്ചായത്തിന്റെയും തീരദേശം ഉത്തരകേരളത്തിൽതന്നെ ഏറ്റവുമധികം ചീരകൃഷി നടക്കുന്ന പ്രദേശമാണ്. മുൻകാലങ്ങളിൽ പുകയില കൃഷിചെയ്തിരുന്ന പാടങ്ങളാണ് പിന്നീട് ചീരയടക്കമുള്ള പച്ചക്കറി കൃഷിയിലേക്ക് മാറിയത്.
തീരദേശത്തെ പൂഴിനിറഞ്ഞ പാടങ്ങൾ ചീരക്കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. പൊതുവേ ജൈവവളങ്ങൾ മാത്രമേ ഉപയോഗിക്കാറുള്ളൂ. ചാണകപ്പൊടിയും കോഴിവളവും അടിവളമായി ചേർത്താണ് കൃഷി നടത്തുന്നത്. വാരിവിതച്ച് മുളപ്പിക്കുന്ന വിത്തുകൾ കൂടുതൽ വളർച്ച നേടുന്നതിനായി പറിച്ചുനടാറുണ്ട്. കൃഷിയിറക്കി ഒരുമാസം കഴിയുമ്പോൾതന്നെ വിളവെടുപ്പ് തുടങ്ങാൻ കഴിയും.
രണ്ടരമാസത്തോളം നീളുന്ന വിളവെടുപ്പ് കാലത്ത് 10 സെന്റ് സ്ഥലത്തുനിന്ന് ശരാശരി ഒരു ലക്ഷത്തോളം രൂപയുടെ വരുമാനം ലഭിക്കുന്നുണ്ടെന്നതാണ് കർഷകരുടെ അനുഭവം.
ഒരു കെട്ട് ചീരയ്ക്ക് 30 രൂപയാണ് വിപണിവില. കാഞ്ഞങ്ങാട്ടെ പാടങ്ങളിൽ നിന്ന് വിളവെടുക്കുന്ന ചീരക്കെട്ടുകൾ തലശേരിയിലും കോഴിക്കോട്ടും വരെ എത്തുന്നുണ്ട്. ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചുണ്ടാകുന്ന ചീരയ്ക്ക് നല്ല ചുവപ്പുനിറവും സ്വാദും കിട്ടുന്നത്കൊണ്ട്് ദൂരസ്ഥലങ്ങളിൽ നിന്നുപോലും വ്യാപാരികൾ പാടങ്ങളിൽ നേരിട്ടെത്തി ചീര വാങ്ങുന്നുണ്ട്. പരമ്പരാഗത കർഷകർക്കൊപ്പം വനിതാ കൂട്ടായ്മകളും വിദ്യാർഥികളുമെല്ലാം സ്ഥലം പാട്ടത്തിനെടുത്ത് ചീരകൃഷി നടത്തുന്നുണ്ട്.