ഇരുൾ പരന്നാൽ പുലിപ്പേടി
1483837
Monday, December 2, 2024 6:14 AM IST
വളർത്തുനായയ്ക്കു നേരെ ആക്രമണം
മുളിയാർ: കൂട് വച്ചിട്ടും പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമിച്ചിട്ടും മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലെ പുലിഭീതിക്ക് ശമനമില്ല. കഴിഞ്ഞദിവസം അർധരാത്രിയോടെ കാറഡുക്ക കൊട്ടംകുഴിയിലെ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചു. നായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോൾ സമീപത്തെ വയലിലൂടെ ഓടിമറഞ്ഞു.
കെട്ടിയിട്ടിരുന്നതിനാൽ നായയെ വലിച്ചുകൊണ്ടുപോകാൻ കഴിഞ്ഞില്ല. നായയുടെ കഴുത്തിന് മാരകമായി മുറിവേറ്റ നിലയിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലി വീട്ടുമുറ്റത്തെത്തി നായ്ക്കളെ പിടിക്കുന്ന സംഭവങ്ങൾ ചെറിയ ഇടവേളകൾക്കിടയിൽ ആവർത്തിക്കുകയാണ്. മൂന്നാഴ്ച മുമ്പ് പാണൂർ തോട്ടത്തുമൂലയിലെ മണികണ്ഠന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനടിയിൽ ഉറങ്ങിക്കിടന്ന നായയെ പുലി പിടിച്ചിരുന്നു.
സമാധാനം കെടുത്തി വാട്സ് ആപ്പ് പുലികളും
കാഞ്ഞങ്ങാട്: മലയോരമെന്നോ തീരദേശമെന്നോ ഭേദമില്ലാതെ ജില്ലയുടെ പല ഭാഗങ്ങളിലും പുലിഭീതി പടരുന്നതിനിടയിൽ നാട്ടുകാരുടെ സമാധാനം കെടുത്തി വാട്സ് ആപ്പ് പുലികളും.
ഏതെങ്കിലുമൊരു ഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരക്കുമ്പോൾതന്നെ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന തരത്തിൽ പുലിയുടെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കപ്പെടുകയാണ്.
രാത്രികാലങ്ങളിൽ ആളുകൾ പുറത്തിറങ്ങുന്നത് തടയാനായി കവർച്ചക്കാരും ലഹരിമരുന്ന് കടത്തുകാരും പലയിടങ്ങളിലും വ്യാജ പുലിഭീതി പരത്തുന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഏച്ചിക്കാനത്ത് നായയുടെ
ജഡാവശിഷ്ടങ്ങൾ റോഡിൽ
മടിക്കൈ: പുലിയെ കണ്ടതായ വാർത്തകൾക്കിടെ മടിക്കൈ ഏച്ചിക്കാനത്ത് നായയുടെ തലയോട്ടിയും എല്ലുകളുമടക്കമുള്ള ജഡാവശിഷ്ടങ്ങൾ റോഡിൽ കണ്ടെത്തി. അമ്പലത്തറ എസ്ഐ സുമേഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജഡത്തിന്റെ ബാക്കി ഭാഗങ്ങൾ അൽപമകലെ കാട്ടിൽ കണ്ടെത്തി.
ദിവസങ്ങൾക്കുമുമ്പ് ഈ സ്ഥലത്തിനു സമീപം ഒരു നായയ്ക്കഹനമിടിച്ച് പരിക്കേറ്റിരുന്നതായും അതാകാനാണ് സാധ്യതയെന്നും നാട്ടുകാർ പറഞ്ഞു.
ചത്ത നായയുടെ ഭാഗങ്ങൾ രാത്രിയിൽ മറ്റേതെങ്കിലും ജീവി കടിച്ചുവലിച്ച് റോഡിൽ കൊണ്ടിട്ടതാകാമെന്നാണ് നിഗമനം.
മാവുങ്കാലിന് സമീപത്തും പുലിഭീതി
മാവുങ്കാൽ: മഞ്ഞംപൊതിക്കുന്നിന്റെ താഴ്വരയിലുള്ള കല്യാൺ റോഡ്, അത്തിക്കോത്ത്, മുത്തപ്പൻതറ ഭാഗങ്ങളിൽ പുലിയെ കണ്ടതായി അഭ്യൂഹം. രാത്രികാലത്ത് ഇതുവഴി പോവുകയായിരുന്ന വാഹനയാത്രക്കാരാണ് പുലിയോടു സാദൃശ്യമുള്ള ജീവിയെ കണ്ടതായി പറയുന്നത്.
ഈ പ്രദേശങ്ങളിൽ നേരത്തേയും പലവട്ടം പുലിയെ കണ്ടിട്ടുള്ളതാണ്. തൊട്ടടുത്തുള്ള വെള്ളൂടയിൽ ഏതാനുംവർഷം മുമ്പ് പുലി കെണിയിൽ കുടുങ്ങിയിരുന്നു.
മഞ്ഞംപൊതിക്കുന്നിന്റെ ചുറ്റുപാടും വിജനമായി കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളുണ്ട്.
വെള്ളൂടയിൽ ഏതാനും മാസം മുമ്പ് പശുവിനെ കെട്ടാൻ പോയ ആളും പുലിയെ കണ്ട് ഭയപ്പെട്ട് മടങ്ങിയതായി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം പുലിയെ കണ്ടതായി പറയുന്ന ഭാഗങ്ങലിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും അടയാളങ്ങളൊന്നും കണ്ടെത്താനായില്ല.
വീണ്ടും പുലിയെ കണ്ടതായി വിവരം ലഭിച്ചാൽ മാത്രമേ കാമറയോ കൂടോ സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു.
അതേസമയം രാത്രികാലങ്ങളിലും പുലർച്ചെയും വിജനമായ പ്രദേശങ്ങളിൽ ആരും ഒറ്റയ്ക്കിറങ്ങരുതെന്നും പരമാവധി ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പരപ്പയിൽ വീണ്ടും പുലിഭീതി
ആടിനെ കടിച്ചുകൊന്ന നിലയിൽ
പരപ്പ: വീട്ടിയോടി മലയിൽ മേയാൻ വിട്ട ആടിനെ അജ്ഞാതജീവി കടിച്ചുകൊന്നു. പത്തോളം ആടുകളുണ്ടായിരുന്ന കൂട്ടത്തെയാണ് പുലിയെന്നു സംശയിക്കുന്ന മൃഗം ആക്രമിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മഞ്ഞുകാലമായതോടെ ഇവിടെ വൈകുന്നേരം ആറോടടുത്ത സമയത്തുതന്നെ ഇരുട്ട് പരക്കുന്നുണ്ട്.
ആട്ടിൻകൂട്ടത്തിന്റെ കരച്ചിൽകേട്ട് പരിസരവാസികളെത്തിയപ്പോൾ മൃഗം ഓടിമറഞ്ഞു. മരുതോം ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥരും നാട്ടുകാരും പരിസരപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
ഏതാനും ദിവസം മുമ്പ് മാളൂർക്കയം, മുണ്ടത്തടം ഭാഗങ്ങളിൽ പുലിയെ കണ്ടതായി വാഹനയാത്രക്കാർ പറഞ്ഞിരുന്നു. എന്നാൽ അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടി ഇത് വനപാലകർ തള്ളിക്കളയുകയായിരുന്നു.