ദേശീയപാത വികസനം; നിര്‍ദേശങ്ങള്‍ കേന്ദ്രമന്ത്രിക്കു സമര്‍പ്പിച്ചു: രാജ്മോഹൻ ഉണ്ണിത്താൻ എംപി
1483295
Saturday, November 30, 2024 5:56 AM IST
കാസര്‍ഗോഡ്: ദേശീയ പാത വികസനവുമായി ബന്ധപെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വച്ച് ബഹു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയാതായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയിച്ചു.
പതിനെട്ടാം ലോക് സഭ കാലയളവില്‍ ആദ്യമായാണ് മന്ത്രിയെ കാണുന്നത് തെരഞ്ഞെടുപ്പ് കാലത്തു മണ്ഡലത്തിലുടനീളമുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും പരാതികളും പ്രൊപ്പോസലുകളും ലഭിച്ചിരുന്നതായും ആയതെല്ലാം ക്രോഡീകരിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് സമയത്തു മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളുടെ ഭാഗമായാണ് ഏറെ തെരക്കിനിടയിലും സമയം കണ്ടെത്തി ഗഡ്കരിയെ കണ്ടതെന്നും എംപി കൂട്ടിച്ചേര്‍ത്തു.
കാസര്‍ഗോഡ് ലോക്സഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ ദേശീയ പാത വീതികൂട്ടി ആറു വരി പാതയാക്കുന്ന സമയത്തു ഉണ്ടാകുന്ന പ്രശ്നങ്ങളും,പ്രയാസങ്ങളും പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗങ്ങളിലും കാസര്‍ഗോഡ്, ചെര്‍ക്കള, കാഞ്ഞങ്ങാട്, പടന്നക്കാട്, നീലേശ്വരം, പയ്യന്നൂര്‍, പിലാത്തറ, കല്യാശേരി തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ആളുകളുടെ ആവശ്യകതയും മറ്റും മന്ത്രിയെ രേഖാമൂലം അറിയിച്ചു. മണ്ഡലത്തിലെ എംഎല്‍എമാര്‍, നഗരസഭ, പഞ്ചായത്ത് അധ്യക്ഷര്‍ കൂടാതെ മറ്റു ജനപ്രതിനിധികളും പൊതുജനങ്ങളും നാളിതുവരെയായി നല്കിയ നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് ആവശ്യങ്ങള്‍ മന്ത്രിയെ അറിയിച്ചത്.
പദ്ധതി നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതകള്‍ കൂടി പരിഗണിച്ച ശേഷം വേണ്ടത് ചെയ്യാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയതായി എംപി അറിയിച്ചു. കൂടാതെ നേരെത്തെ നല്കിയ നിരവധി പ്രപ്പോസലുകളില്‍ അനുകൂലമായ തീരുമാനങ്ങള്‍ എടുത്ത കേന്ദ്രമന്ത്രിയോട് മണ്ഡലത്തിലെ ജനങള്‍ക്ക് വേണ്ടി പ്രത്യേകം നന്ദി അറിയിച്ചതായും എംപി കൂട്ടിച്ചേര്‍ത്തു.