തുക അനുവദിച്ചിട്ടും എങ്ങുമെത്താതെ കരിന്തളം ഗവ. കോളജ് കെട്ടിടനിര്‍മാണം
1483292
Saturday, November 30, 2024 5:56 AM IST
കരിന്തളം: പാലിയേറ്റീവ് കെയര്‍ ഓഫീസ് കെട്ടിടത്തില്‍ 376 വിദ്യാര്‍ഥികളെ ഇരുത്തി പഠനം. സ്ഥിരം കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി തുക അനുവദിച്ചിട്ടും സാങ്കേതികത്വത്തിന്റെ പേരില്‍ നിര്‍മാണം തുടങ്ങിയില്ല. സ്ഥല പരിമിതി മൂലം പുതിയ കോഴ്സുകള്‍ പോലും തുടങ്ങാന്‍ കഴിയാതെ കരിന്തളം ഗവ. കോളജ്. മലയോര മേഖലയില്‍ അനുവദിച്ച സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള കോളജിന്റെ അവസ്ഥയാണിത്.
കോളജ് അനുവദിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുവദിച്ച അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ചുറ്റുമതില്‍ കെട്ടിയെങ്കിലും കാടു പിടിച്ചുകിടക്കുന്നു. പൊതുമരാമത്ത് വിഭാഗവും കിഫ്ബിയുമാണ് കോളജിന്റെ കെട്ടിടം നിര്‍മിക്കാന്‍ 22 കോടിയോളം രൂപ അനുവദിച്ചത്. ഇതിന്റെ ഭരണാനുമതിയും ലഭിച്ചിരുന്നു.
പൊതു മരാമത്ത് വിഭാഗം കോളജിന്റെ അഡ്മിനിട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണത്തിന് തുടക്കം കുറിച്ചെങ്കിലും കിഫ്ബി നിര്‍മാണത്തിന് തുടക്കം കുറിച്ചിട്ടില്ല.
കോളജിലേക്കുള്ള റോഡിന്റെ വീതി ആറു മീറ്റര്‍ ഇല്ല എന്ന കിറ്റ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവൃത്തി തുടങ്ങാത്തതെന്നാണ് വിവരം.
അതേസമയം റോഡിന് ആറു മീറ്റര്‍ വീതിയുണ്ട് എന്ന റിപ്പോര്‍ട്ട് പഞ്ചായത്തില്‍ നിന്നു വാങ്ങി കോളജ് പ്രിന്‍സിപ്പല്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം നിര്‍മാണം വൈകുന്നതിനാല്‍ പാലിയേറ്റീവ് കെയറിന്റെ കെട്ടിടത്തില്‍ തന്നെ കോളജിന്റെ പ്രവര്‍ത്തനം തുടരുന്നത് കോളജിനെ സംബന്ധിച്ചിടത്തോളം പുതിയ കോഴ്സുകള്‍ ഒന്നും തുടങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.