ഹാട്രിക് നേട്ടവുമായി സച്ചുവും വൈഗയും
1483287
Saturday, November 30, 2024 5:56 AM IST
ഉദിനൂര്‍: ഹൈസ്കൂള്‍ വിഭാഗം നൃത്തവേദിയില്‍ പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാംസ്ഥാനം നേടി തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥി സച്ചു സതീഷും തച്ചങ്ങാട് ജിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി എം.വൈഗയും. കുച്ചുപ്പുടി, ഭരതനാട്യം, കേരളനടനം എന്നീയിനങ്ങളിലാണ് സച്ചു ഒന്നാമതെത്തിയത്. കടുമേനി പട്ടികവര്‍ഗ ഉന്നതിയില്‍ താമസിക്കുന്ന സച്ചുവിന്റെ അച്ഛന് പി.ആര്.സതീഷ്കുമാര്‍ അഞ്ചുവര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
അമ്മ എം.കെ.ബിന്ദു കൂലിപ്പണിയെടുത്താണ് സച്ചുവിന്റെ നൃത്തപഠനത്തിനാവശ്യമായ തുക കണ്ടെത്തുന്നത്. സഹോദരിപുത്രി ലിജിനയില് നിന്നും നൃത്തപഠനം ആരംഭിച്ച സച്ചു നിലവില്‍ സതീഷ് നീലേശ്വരത്തിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ രണ്ടു കലോത്സവങ്ങളിലും രണ്ടിനങ്ങളില്‍ വീതം ഒന്നാംസ്ഥാനം നേടിയ സച്ചു മൂന്നാംതവണ ഹാട്രിക് നേട്ടവുമായാണ് വേദി വിട്ടത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി എന്നീയിനങ്ങളിലാണ് വൈഗയുടെ നേട്ടം. ഒമ്പതുവര്‍ഷമായി കാഞ്ഞങ്ങാട്ടെ രഘുവിന്റെ കീഴില്‍ നൃത്തം പഠിക്കുന്നു. തച്ചങ്ങാട്ടെ ക്ഷേത്രശില്പി വി.മനോജിന്റെയും ബിജിയുടെയും മകളാണ്.