പാലായിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കണം: സിപിഎം ഏരിയാ സമ്മേളനം
1483061
Friday, November 29, 2024 7:22 AM IST
നീലേശ്വരം: പാലായി റഗുലേറ്റർ കം ബ്രിഡ്ജിലെ വെള്ളം ഉപയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കണമെന്ന് സിപിഎം നീലേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രവൃത്തി നിലച്ച നീലേശ്വരം-ഇടത്തോട് റോഡ് നവീകരണം ഉടൻ പൂർത്തിയാക്കണമെന്നും ആലിങ്കീൽ-ബങ്കളം-ചായ്യോം, ചായ്യോം-കാഞ്ഞിരപ്പൊയിൽ റോഡുകൾ മെക്കാഡം ടാറിംഗ് നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരുവാച്ചേരിയിൽ ദേശീയപാതയ്ക്ക് അടിപ്പാത നിർമിക്കുക, നീലേശ്വരം സ്റ്റേഷനു സമീപം റെയിൽവേ പുറമ്പോക്കിലെ വെള്ളം ഒഴുക്കിക്കളയാൻ ശാസ്ത്രീയസംവിധാനം, ചിറപ്പുറത്ത് ഓപ്പൺ എയർ തീയറ്റർ എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ട് ബുധനാഴ്ച രാത്രി നീലേശ്വരം പാലസ് ഗ്രൗണ്ടിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്ന പൊതുസമ്മേളനം പാർട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. രാജൻ അധ്യക്ഷത വഹിച്ചു.