താക്കോൽ കൈക്കലാക്കി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നയാൾ പിടിയിൽ
1483059
Friday, November 29, 2024 7:22 AM IST
കാസർഗോഡ്: വീട്ടുടമ ജോലിക്ക് പോകുമ്പോൾ പുറത്ത് സൂക്ഷിച്ചുവച്ച താക്കോൽ കൈക്കലാക്കി വീട്ടിൽനിന്ന് എട്ടുപവൻ സ്വർണവും 60000 രൂപയും മോഷ്ടിച്ച സമീപവാസി പിടിയിൽ.
മധൂർ ആറാന്തോട്ടെ റോബർട്ട് റോഡ്രിഗ്സിനെ(53)യാണ് വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആറാന്തോട്ടെ ഫെലിക്സ് ഡിസൂസയുടെ വീട്ടിൽ നിന്നായിരുന്നു മോഷണം. ദിവസങ്ങൾക്കു ശേഷമാണ് സ്വർണവും പണവും നഷ്ടപ്പെട്ട കാര്യം ഫെലിക്സ് അറിയുന്നത്.
കവർച്ച നടന്നതിന്റെ ലക്ഷണങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീടുമായി ബന്ധമുള്ളവരെ പോലീസ് നിരീക്ഷിച്ചപ്പോഴാണ് റോബർട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണക്കിലധികം പണം ചെലവഴിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.