വൈറല്‍ നൃത്തം കണ്ടത് 12 ലക്ഷംപേര്‍; അനുശ്രീ വേറെ ലെവലാണ്
1483065
Friday, November 29, 2024 7:22 AM IST
ഉദിനൂര്‍: നവംബര്‍ 21ന് ഉച്ചയ്ക്കു റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരം രാജാസ് സ്കൂളില്‍ ഫ്ളാഷ് മോബ് നടക്കുകയാണ്. ഉദിനൂര്‍ സ്കൂളിലെയും ചെമ്മനാട് സ്കൂളിലെയും 60 കുട്ടികള്‍ ദിവസങ്ങളായി നടത്തിയ പരിശീലനത്തിനൊടുവില്‍ നൃത്തം ചെയ്യുന്നു.
പെട്ടെന്ന് രജനീകാന്ത് ചിത്രമായ വേട്ടയനില്‍ അനിരുദ്ധ് ഈണമിട്ട 'മനസിലായോ' എന്ന ഗാനം ആരംഭിച്ചതോടെ സ്കൂള്‍ യൂണിഫോമിലെത്തിയ ഒരു പെണ്‍കുട്ടി പരിശീലനം ലഭിച്ച മറ്റു കുട്ടികളെയും വെല്ലുന്ന മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്നതു കണ്ടപ്പോള്‍ കണ്ടുനിന്നവര്‍ വിസ്മയിച്ചു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി 12 ലക്ഷം പേരാണ് ആ കുട്ടിയുടെ വൈറല്‍ നൃത്തം ആസ്വദിച്ചത്. രാജാസ് സ്കൂളിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥിയായ കെ.വി.അനുശ്രീ ഒറ്റദിവസം കൊണ്ട് സ്റ്റാറായി.
അനുശ്രീക്ക് കലോത്സവവേദിയില്‍ ഉപഹാരം നല്‍കുമെന്ന് സംഘാടകര്‍ അന്നു പറഞ്ഞിരുന്നതാണ്. ഇന്നലെ നടനും സംവിധായകനുമായ മധുപാലില്‍ നിന്നും ഈ കൊച്ചുമിടുക്കി പുരസ്കാരം ഏറ്റുവാങ്ങി. നൃത്തത്തില്‍ യാതൊരു പരിശീലനവും അനുശ്രീക്ക് ലഭിച്ചിട്ടില്ലെന്നറിഞ്ഞാല് അത്ഭുതപ്പെടും. ഇന്നു നടക്കുന്ന നാടോടിനൃത്തത്തില്‍ അനുശ്രീ പങ്കെടുക്കുന്നുണ്ട്. യുട്യൂബില്‍ നോക്കിയാണ് നൃത്തം പഠിച്ചത്. അനുശ്രീയെ അഭിനന്ദിക്കാന്‍ നടന് പി.പി.കുഞ്ഞികൃഷ്ണനെത്തി. മൈക്ക് കൊടുത്തപ്പോള്‍ സംസാരിക്കാന്‍ മടിച്ച അനുശ്രീയോട്, എന്നാല്‍ ഞാന്‍ പാട്ടുപാടാം ഡാന്‍സ് കളിച്ചാല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ തലകുലുക്കി.
''കാവേരിപുഴയില് കരിവീട്ടിതോണിയില് കണിവല വീശാന്‍ പോകും മലയരയാ'' എന്ന ഗാനം കുഞ്ഞികൃഷ്ണന് മാഷ് ഇമ്പമായി പാടിയപ്പോള്‍ കൃത്യമായ ചുവടുകളുമായി അനുശ്രീ ഒരിക്കല്‍ കൂടി കാണികളുടെ മനം കവര്‍ന്നു. നീലേശ്വരം കൊട്രച്ചാലിലെ സി.കെ.നാരായണന്റെയും രാജീവിയുടെയും മകളാണ്.