ഫണ്ടും അനുമതിയും ലഭിച്ചിട്ടും വിനോദസഞ്ചാര പദ്ധതി കടലാസിൽ തന്നെ
1482836
Thursday, November 28, 2024 8:00 AM IST
കുമ്പള: ജില്ലയുടെ വടക്കൻ മേഖലയിൽ വിനോദസഞ്ചാരരംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ച പൊസഡിഗുംബെ വിനോദസഞ്ചാര പദ്ധതിക്ക് ഫണ്ടും ഭരണാനുമതിയും ലഭിച്ചിട്ടും ജീവൻ വയ്ക്കുന്നില്ല. പൊസഡിഗുംബെ മലനിരകളിൽ കോടമഞ്ഞ് പെയ്തിറങ്ങുന്ന ദൃശ്യം രാജ്യത്തെ മികച്ച ഹിൽ സ്റ്റേഷനുകളുടേതിന് സമാനമാണെന്ന് ഇവിടെയെത്തിയ പലരും അഭിപ്രായപ്പെട്ടിരുന്നു. ഇവിടുത്തെ ഏറ്റവും ഉയരത്തിലുള്ള വ്യൂ പോയിന്റിന് സമീപം ബ്രിട്ടീഷുകാരുടെ കാലത്ത് ഭൂസർവേയുമായി ബന്ധപ്പെട്ട് നിർമിച്ച ഗ്രേറ്റ് ട്രിഗൊണോമെട്രിക് സ്റ്റേഷൻ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രാധാന്യമുള്ളതാണ്.
പൊസഡിഗുംബെയിലെ വിനോദസഞ്ചാര വികസനത്തിന് കാസർഗോഡ് വികസന പാക്കേജിൽനിന്ന് 1.11 കോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എ.കെ.എം. അഷ്റഫ് എംഎൽഎയുടെ സബ്മിഷന് മറുപടിയായി നിയമസഭയിൽ അറിയിച്ചിരുന്നു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രവേശന കവാടം, ഇൻഫർമേഷൻ കിയോസ്ക്, കഫെ, ക്ലോക്ക് റൂം, ശുചിമുറികൾ, വ്യൂ ടവർ എന്നിവ നിർമിക്കാനാണ് രൂപരേഖ തയാറാക്കിയിരുന്നത്. എന്നാൽ ഇതുകഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടില്ല.
ആയിരം അടിയോളം ഉയരത്തിലുള്ള പൊസഡിഗുംബെ മലനിരകളുടെ ദൃശ്യഭംഗി കേട്ടറിഞ്ഞ് ഇപ്പോൾതന്നെ ഇവിടേക്ക് നിരവധി സഞ്ചാരികളെത്തുന്നുണ്ട്.
കുമ്പളയിൽ നിന്ന് 25 കിലോമീറ്ററോളം ദൂരമാണ് ഇവിടേക്കുള്ളത്. പൈവളികെ പഞ്ചായത്തിലാണ് പ്രദേശം സ്ഥിതിചെയ്യുന്നത്.
ആയിരത്ത് എണ്ണൂറുകളുടെ തുടക്കത്തിൽ ദേശീയതലത്തിൽ നടത്തിയ ഭൂസർവേയുടെ ഭാഗമായി ബ്രിട്ടീഷുകാർ നിർമിച്ച ഗ്രേറ്റ് ടിഗണോമെട്രിക് സറ്റേഷൻ സംരക്ഷിച്ചു നിലനിർത്താൻ നേരത്തേ ബിആര്ഡിസിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചിരുന്നു. ഇപ്പോൾ ഇത് സാമൂഹ്യവിരുദ്ധർ വികൃതമാക്കിയ നിലയിലാണ്. ഈ ചരിത്രസ്മാരകത്തിന്റെ അവസ്ഥ നാട്ടുകാർക്കും ചരിത്രാന്വേഷികൾക്കും വേദനയുണ്ടാക്കുന്നതാണ്. അവശേഷിക്കുന്നതെങ്കിലും സംരക്ഷിച്ചു നിലനിർത്താൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല.
നല്ല ഗതാഗത സൗകര്യങ്ങളോ പാർക്കിംഗ് സംവിധാനമോ ഭക്ഷണശാലയോ ഇല്ലാത്തത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങൾ മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ ഇവിടം താവളമാക്കുന്നതും. മതിയായ സുരക്ഷാക്രമീകരണങ്ങളും അടിസ്ഥാനസൗകര്യ വികസനവും ഒരുക്കാനായാൽ കൂടുതൽ സഞ്ചാരികൾ ഇവിടെയെത്തുമെന്നുറപ്പാണ്. ഫണ്ടും അനുമതിയും ലഭിച്ചിട്ടും കടലാസിലൊതുങ്ങുന്ന പദ്ധതി എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.