ഗ്രാമീണസംരംഭക സാധ്യതകളുമായി റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സ്
1482839
Thursday, November 28, 2024 8:00 AM IST
കാസര്‍ഗോഡ്: കേരള സ്റ്റാര്‍ട്ടപ് മിഷന്, സിപിസിആര്‍ഐ, കേരള കേന്ദ്രസര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് മൂന്നാം എഡിഷന് ഡിസംബർ 14, 15 തീയതികളില്‍ കാസര്‍ഗോഡ് സിപിസിആര്‍ഐയില്‍ നടക്കും. ആദ്യ രണ്ട് എഡിഷനുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകള്‍ നടത്തിയ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകര്‍, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വാണിജ്യവത്കരിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി പരിപാടികളാണ് കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കുക.
കാര്‍ഷിക മേഖലകള്‍ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിക്കാനുമാവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനാണ് കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ കാമ്പസുകളെയും യൂണിവേഴ്സിറ്റികളെയും പ്രതിനിധീകരിച്ചു 15 ടീമുകളായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
സാങ്കേതിക സഹായം ആവശ്യമായ മേഖലകളും അതുമായി ബന്ധപ്പെട്ട ആധികാരിക വിവരം നല്കാന് പറ്റുന്ന സിപിസിആര്‍ഐയിലെ ഗവേഷകരും മറ്റു സാങ്കേതിക വിദഗ്ധരും ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി ഉണ്ടാവും.
പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ https://ribc.sta rtupmission.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9562911181.