കഥയിലും കവിതയിലും ന്യൂജെന്‍ നോവലിസ്റ്റ്
1482841
Thursday, November 28, 2024 8:00 AM IST
ഉദിനൂര്‍: വാഴ്സോയില്‍ സംഗീതോപകരണങ്ങള്‍ വില്‍ക്കുന്ന ആന്ദ്രേ എന്ന ചെറുപ്പക്കാരന് ജൂതനായതിനാല്‍ നാസികളുടെ തടവുകാരനാകുകയും കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് കോണ്സെന്ട്രേഷന് ക്യാന്പിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയുള്ള അയാളുടെ അനുഭവങ്ങളും പ്രമേയമാക്കുന്നതായി ഹയര്‍സെക്കന്‍ഡറി വിഭാഗം മലയാളം കഥാരചനയില്‍ ഒന്നാംസ്ഥാനം നേടിയ അതിജീവനം എന്ന കഥയുടെ ഇതിവൃത്തം. യുദ്ധവും വംശീയതയും ഇന്നും ലോകത്തെ മുറിവേല്പ്പിച്ചുകൊണ്ടിരിക്കുന്നു എന്ന സത്യം വിളിച്ചുപറയുന്ന ഈ കഥ രചിച്ചത് ബല്ല ഈസ്റ്റ് ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി സിനാഷയാണ്. കവിതാരചനയിലും സിനാഷയ്ക്കാണ് ഒന്നാംസ്ഥാനം.
പുതുതലമുറ എഴുത്തിനെ ഗൗരവമായി കാണുന്നില്ല എന്ന ആരോപണത്തിനുള്ള മറുപടിയാണ് സിനാഷയുടെ രചനകള്‍. കേവലം മത്സരങ്ങള്‍ക്കുവേണ്ടി മാത്രം എഴുതുകയല്ല, മറിച്ച് സാഹിത്യം തന്റെ കര്‍മമണ്ഡലമായി ചെറുപ്രായത്തില്‍ തന്നെ സിനാഷ തെരഞ്ഞെടുത്തുകഴിഞ്ഞു. 16 വയസിനുള്ളില്‍ ഒമ്പതു നോവലുകളും അഞ്ചു കവിതാസമാഹാരങ്ങളും സിനാഷ പ്രസിദ്ധീകരിച്ചു. മാത്രമല്ല സിനാഷ രചിച്ച സാഹിത്യ നിരൂപണഗ്രന്ഥം ഇത്തവണത്തെ ഗ്രന്ഥശാലാസംഘത്തിന്റെ സംസ്ഥാനതല വായനമത്സരത്തിലേക്കും തെരഞ്ഞെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് താമസിക്കുന്ന കാസര്‍ഗോഡ് ടൗണ്‍ ഗവ.യുപി സ്കൂളിലെ അധ്യാപകന് എ.ശ്രീകുമാറിന്റെയും സ്മിതയുടെയും ഏകമകളാണ്.