അപ്പീല്‍ മേളത്തിന് കുറവില്ല
1483289
Saturday, November 30, 2024 5:56 AM IST
ഉദിനൂര്‍: ജില്ലാ കലോത്സവത്തിന്റെ നാലുനാള്‍ പിന്നിടുമ്പോഴേക്കും അപ്പീലുകളുടെ എണ്ണം നൂറിലേക്കെത്തുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയ്ക്കു കീഴിലെ നാല് ഉപജില്ലകളില്‍ നിന്നുമാത്രം 64 അപ്പീലുകളിലായി 234 കുട്ടികളാണ് ഇതുവരെ ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയത്.
കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയ്ക്കു കീഴിലെ മൂന്ന് ഉപജില്ലകളില്‍ നിന്ന് 25 അപ്പീലുകളിലായി നൂറ്റമ്പതോളം മത്സരാര്‍ഥികളെത്തി. ഒരു കുട്ടിയെ വേദിയിലെത്തിക്കാന്‍ ലക്ഷങ്ങള്‍ ചെലവാക്കേണ്ടിവരുന്ന കുച്ചിപ്പുഡിയും ഭരതനാട്യവും പോലുള്ള ഇനങ്ങളില്‍ മാത്രമല്ല, കഥാരചനയിലും കവിതാരചനയിലും ലളിതഗാനത്തിലും ചമ്പുപ്രഭാഷണത്തിലും വരെ അപ്പീലുകളുണ്ടായിരുന്നു. ഉപജില്ലാതലത്തിലെ മത്സരഫലത്തിനെതിരായി അപ്പീല്‍ സമര്‍പ്പിക്കാന്‍ 2000 രൂപയാണ് ഫീസ്. ഫീസ് കൂട്ടിയിട്ടും അപ്പീലുകളുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും ഉണ്ടായിട്ടില്ലെന്ന് സംഘാടകര്‍ പറയുന്നു.
ജില്ലാതലത്തിലെ മത്സരഫലങ്ങള്ക്കെതിരായി ഇതുവരെ 29 അപ്പീലുകള്‍ വന്നുകഴിഞ്ഞു. ജില്ലാതലത്തിലെ ഫീസ് 5000 രൂപയാണ്. ഈ അപ്പീലുകള്‍ പരിഗണിക്കേണ്ടത് മറ്റൊരു ജില്ലയിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്. ഇതിലേതെങ്കിലും നിരസിക്കപ്പെട്ടാല്‍ കോടതിയില്‍ പോയി ഉത്തരവ് വാങ്ങിയിട്ടായാലും സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങിത്തന്നെയാണ് പലരും വന്നിരിക്കുന്നത്.