മഴവില്ലഴകില്‍ ഉദിനൂര്‍
1482840
Thursday, November 28, 2024 8:00 AM IST
ഉദിനൂര്‍: ഉദിനൂരിന്റെ തീരദേശമണ്ണിലെ ഓരോ മണല്ത്തരിയെയും പുളകംകൊള്ളിച്ചുകൊണ്ട് മൂന്നുനാള്‍ നീളുന്ന കൗമാരകലയുടെ രാപ്പകലുകള്‍ക്ക് ഇന്നു തിരശീല ഉയരും. വേദി ഒന്നിലും രണ്ടിലും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചുപ്പുടിയും കേരളനടനവും നടനമികവിന്റെ നൂപൂരധ്വനികള്‍ ഉണര്‍ത്തുമ്പോള്‍ മൂന്നാംവേദിയില്‍ മാപ്പിളപ്പാട്ടിന്റെ ശീലുകളുണരും.
ഏഴാം വേദി മോണോആക്ടും മിമിക്രിയും പുതിയ അഭിനയ-അനുകരണപ്രതിഭകളുടെ മിന്നും പോരാട്ടത്തിനു വേദിയാകും. കേരളത്തിന്റെ തനതുകലകളായ ഓട്ടൻതുള്ളലും നങ്ങ്യാര്‍കൂത്തും കൂടിയാട്ടവും കഥാപ്രസംഗവും ഒമ്പതാമത്തെ വേദിയില്‍ അരങ്ങേറുമ്പോള്‍ 12-ാമത്തെ വേദിയില്‍ ലളിതസംഗീതത്തിന്റെ മാധുര്യം ആസ്വദിക്കാം. 1500 കുട്ടികളാണ് ഇന്നു 12 വേദികളിലായി മാറ്റുരയ്ക്കുന്നത്.
ഉദിനൂര്‍ ജിഎച്ച്എസ്എസിലെ അഞ്ചു വേദികളും ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്കൂകൂളില്‍ രണ്ട് വേദികളും തടിയന് കൊവ്വല്‍ സുബ്രഹ്മണ്യ ക്ഷേത്ര പരിസരം, തടിയന്‍കൊവ്വല്‍ മുണ്ട്യ പരിസരം, കിനാത്തില്‍ സാംസ്കാരിക നിലയം എന്നിങ്ങനെ 12 മത്സരവേദികളാണ് തയാറാക്കിയിട്ടുള്ളത്.
തേജസ്വിനി, മന്തോപ്പ്, തുടി, ഗസല്‍, കനകാംബരി, നാട്ടകം, നന്തുണി, മരുതം, ഇശല്‍, പെരുമ്പറ, മലയാണ്മ, നെയ്തല്‍ എന്നീ പേരുകളാണ് വേദികള്‍ക്ക് നല്‍കിയിട്ടുള്ളത്. വൈകുന്നേരം നാലിന് സിനിമാതാരവും സംവിധായകനുമായ മധുപാല്‍ കലോത്സവം ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷതവഹിക്കും. ജില്ലയിലെ എംഎല്‍എമാര്‍ സംബന്ധിക്കും.
ഹൊസ്ദുര്‍ഗും ബേക്കലും
ഒപ്പത്തിനൊപ്പം
ഉദിനൂര്‍: ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സ്റ്റേജിതര മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഉപജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 77 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹൊസ്ദുര്‍ഗ്, ബേക്കല്‍ ഉപജില്ലകള്‍ 229 പോയിന്റ് വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടിരിക്കുകയാണ്. 226 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല തൊട്ടുപിന്നിലായി രണ്ടാംസ്ഥാനത്തെത്തി. 220 പോയിന്റുമായി കാസര്‍ഗോഡ് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് 58 പോയിന്റുമായി ഒന്നാമതുണ്ട്. 48 പോയിന്റ് നേടി ഉദുമ ജിഎച്ച്എസ്എസ് രണ്ടും ആതിഥേയരായ ഉദിനൂര്‍ ജിഎച്ച്എസഎസ് 41 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.