റവന്യു ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ്, ദുര്‍ഗ കിരീടത്തിലേക്ക്
1483285
Saturday, November 30, 2024 5:56 AM IST
ഉദിനൂര്‍: റവന്യു ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളും കിരീടത്തിലേക്ക്. നാലാംദിനത്തിലെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ 750 പോയിന്റ് നേടി ഹൊസ്ദുര്‍ഗ് ഉപജില്ല കുതിപ്പ് തുടരുകയാണ്. രണ്ടാംസ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
719 പോയിന്റുമായി കാസര്‍ഗോഡ് രണ്ടാംസ്ഥാനത്ത് നില്ക്കുമ്പോള് 718 പോയിന്റുമായി ചെറുവത്തൂര്‍ ഉപജില്ല മൂന്നാംസ്ഥാനത്തുണ്ട്. ബേക്കല്‍ (685), കുമ്പള (645), ചിറ്റാരിക്കാല്‍ (621), മഞ്ചേശ്വരം (522) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്റ് നില.സ്കൂളുകളില്‍ ഒന്നാംസ്ഥാനത്തുള്ള ദുര്‍ഗയ്ക്ക് 178 പോയിന്റാണുള്ളത്. നീലേശ്വരം രാജാസ് എച്ച്എസ്എസ് (140), പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ് (139) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ചായ്യോത്ത് ജിഎച്ച്എസ്എസ് (134), ചട്ടഞ്ചാല്‍ സിഎച്ച്എസ്എസ് (121) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.
ഗോത്രകലാരൂപങ്ങള്‍ ഇന്ന്
ഈവര്‍ഷത്തെ കലോത്സവങ്ങളില്‍ ഗ്ലാമര്‍ ഇനമായ ഗോത്രകലാരൂപങ്ങള്‍ ഇന്നു കലോത്സവത്തില്‍ അരങ്ങേറും.
രാവിലെ ഒമ്പതുമുതല്‍ ഒന്നാമത്തെ വേദിയില്‍ മംഗലംകളി, പണിയനൃത്തം, ഇരുളനൃത്തം, മലപുലയആട്ടം, പളിയനൃത്തം എന്നിവ നടക്കും. നാടകം, ഒപ്പന, കോല്‍ക്കളി, നാടന്‍പാട്ട്, വഞ്ചിപ്പാട്ട് എന്നിവയും അവസാനദിവസത്തെ ആകര്‍ഷണങ്ങളാണ്. വൈകുന്നേരം അഞ്ചിനു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരിക്കും.