എയ്ഡ്സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
1483293
Saturday, November 30, 2024 5:56 AM IST
കാസര്‍ഗോഡ്: ലോക ജില്ലാ എയ്ഡ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കാസര്‍ഗോഡ് ടൗണ്‍ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്സ് ദിനാചരണ സന്ദേശം. ഈ സന്ദേശത്തെ ആസ്പദമാക്കി ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
20 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിച്ചു
ഏപ്രില്‍ 2024 മുതല്‍ ഒക്ടോബര്‍ 2024 വരെയുള്ള കാലയളവില്‍ ജില്ലയില്‍ 15675 പേര് എച്ച്ഐവി ടെസ്റ്റിന് വിധേയമാവുകയും 12636 പൊതുവിഭാഗം, 3039 ഗര്‍ഭിണികള്‍ അതില്‍ പൊതു വിഭാഗത്തില്‍പെട്ട 20 പേര്‍ക്ക് എച്ച്ഐവി സ്ഥിരീകരിക്കുകയും ചെയ്തു.
എച്ച്ഐവി സ്ഥിരീകരിച്ച മുഴുവന്‍ ആളുകള്‍ക്കും ക്യത്യമായ കൗണ്‍സിലിംഗിനു ശേഷം എആര്‍ടി ചികിത്സ ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ സ്ഥിതി ചെയ്യുന്ന എച്ച്ഐവി ചികിത്സാകേന്ദ്രമായ ഉഷസ് ചികിത്സാ കേന്ദ്രത്തില്‍ നിലവില്‍ 930 എച്ച്ഐവി ബാധിതര്‍ക്ക് എആര്‍ടി ചികിത്സ നല്കിവരുന്നു.
എച്ച്ഐവി ടെസ്റ്റിംഗിനും കൗണ്‍സിലിംഗിനും ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലായി മൂന്ന് ഐസിടിസി, 29 എഫ്ഐസിടിസി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എച്ച്ഐവി പരിശോധനയും കൗണ്‍സിലിംഗും സൗജന്യമായി നല്‍കുകയും പരിശോധന സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. എച്ച്ഐവി അണുബാധ സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നാലു സുരക്ഷാ പ്രോജക്ടുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാന്‍ടെക്, കെഎന്‍പി പ്ലസ്, സിആര്‍ഡി എന്നീ സന്നദ്ധ സംഘടനകളാണ് സുരക്ഷാ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തുന്നത്.
എആര്‍ടി കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് ചികിത്സ എടുക്കുന്ന എച്ച്ഐവി അണുബാധിതര്‍ക്ക് ആവശ്യമായ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അണുബാധിതരുടെ കൂട്ടായ്മയായ കെയര്‍ സപ്പോര്‍ട്ട് സെന്ററിന്റെ നേത്യത്വത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി വരുന്നുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ എച്ച്ഐവി ബാധിതര്‍ക്കായി പോഷകാഹാര വിതരണ പദ്ധതി, സര്‍ക്കാര്‍ സഹായത്തോടെ പ്രതിമാസ ധനസഹായ പദ്ധതി, സൗജന്യ ചികിത്സയും പരിശോധനയും സൗജന്യ പാസ്മിയര് (ഗര്‍ഭാശയ കാന്‍സര്‍) പരിശോധന, സ്നേഹപൂര്‍വം വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി എന്നിവ ജില്ലയില്‍ നടപ്പിലാക്കി വരുന്നുണ്ട്. കേരള സാമൂഹ്യസുരക്ഷാ മിഷന് കെയര്‍ ടീം നിലവില്‍ ഉണ്ട്. ഇതു കൂടാതെ ലൈഫ് പദ്ധതിയില്‍ എച്ച്ഐവി ബാധിതര്‍ക്ക് മുന്‍ഗണന നല്‍കുകയും എല്ലാ എച്ച്ഐവി അണുബാധിതരേയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.