കൊറഗ വിഭാഗക്കാരുടെ കൈവശഭൂമിക്ക് പട്ടയം: ഓപ്പറേഷന് സ്മൈല്‍ പദ്ധതിക്ക് തുടക്കമായി
1483576
Sunday, December 1, 2024 6:32 AM IST
കാസർഗോഡ്: കൊറഗ വിഭാഗക്കാരുടെ കൈവശ ഭൂമിക്ക് പട്ടയം നല്കുന്നതിനായുള്ള ഓപ്പറേഷന് സ്മൈല്‍ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. റവന്യൂ മന്ത്രി കെ. രാജന് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഏറ്റവും അര്‍ഹരായ ജനതയ്ക്ക് നീതി ലഭ്യമാക്കുന്ന ഭാവനാപൂര്‍ണമായ പദ്ധതിയാണ് ഇതെന്ന് മന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലെ 51 നഗറുകളിലായി 539 കുടുംബങ്ങളുടെ 194 ഹെക്ടര്‍ ഭൂമി സംരക്ഷിക്കുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇത്രയും ഭൂമിയുടെ സര്‍വേ നടത്തി അളന്നു തിട്ടപ്പെടുത്തി അതിരു തിരിച്ച് നല്‍കുന്നതിന് പട്ടികവര്‍ഗ വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു അറിയിച്ചു.
കളക്ടര്‍ കെ. ഇമ്പശേഖര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധര, സുന്ദരി ആര്. ഷെട്ടി, റീ സര്‍വേ അസി. ഡയറക്ടര്‍ ആസിഫ് അലിയാര്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.പി. ഗംഗാധരന്, അസി. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാരായ കെ. മധുസൂദനന്, കെ.വി. രാഘവന് എന്നിവർ സംബന്ധിച്ചു.