വ്യാപാരികള്‍ ചോദിക്കുന്നു, ഇതെന്ന് ബസ് സ്റ്റാന്ഡാകും ?
1483840
Monday, December 2, 2024 6:14 AM IST
കാഞ്ഞങ്ങാട്: ഒമ്പതുമാസം മുമ്പാണ് കാഞ്ഞങ്ങാട് സ്വദേശി റഷീദ് ഗൃഹോപകരണങ്ങളുടെ ഷോറൂം തുടങ്ങാനായി ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിലെ മൂന്നുനില ഷോപ്പിംഗ് കോംപ്ലക്സിലെ രണ്ടാംനിലയിലെ രണ്ടുമുറികള്‍ വാടകയ്ക്കെടുത്തത്. ഒമ്പതുലക്ഷം രൂപ ചെലവാക്കിയാണ് മുറികള്‍ ലേലംകൊണ്ടത്. മുറികളുടെ ഇന്റീരിയര്‍ വര്‍ക്കിനായി മൂന്നുലക്ഷത്തോളം രൂപയും ചെലവാക്കി.
നഗരസഭയുമായി കരാറില്‍ ഒപ്പിട്ടതിനാല്‍ രണ്ടുമാസമായി വാടകയും കൊടുക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇതുവരെ വ്യാപാരസ്ഥാപനം തുറക്കാന്‍ റഷീദ് തയാറായിട്ടില്ല? ഉത്തരം വളരെ ലളിതമാണ്. ബസ് സ്റ്റാന്‍ഡ് തുറന്നുപ്രവര്‍ത്തിക്കാന്‍ നഗരസഭ യാതൊരു താത്പര്യവും കാട്ടുന്നില്ല. "ബസ് സ്റ്റാന്‍ഡിലേക്ക് ആളുകയറാതെ കട തുറന്നിട്ട് കാര്യമില്ല. ജീവനക്കാരുടെ ശമ്പളം, കറണ്ട് ചെലവ് ഉള്‍പ്പെടെയുള്ളവയും സ്വന്തം കൈയില്‍ നിന്നും മുടക്കേണ്ട സ്ഥിതിവരും. 'റഷീദ് പറയുന്നു.
ഇതു റഷീദിന്റെ മാത്രമല്ല, ഇവിടെയുള്ള 102 കടമുറികളും ലേലംകൊണ്ടവരുടെ സ്ഥിതിയിതാണ്. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിലേക്ക് വന്നാല്‍ മാത്രമേ ഇവിടേക്ക് ആളുകള്‍ എത്തിച്ചേരുകയുള്ളു. എങ്കില്‍ മാത്രമേ കച്ചവടസ്ഥാനങ്ങള് തുറന്നു പ്രവര്‍ത്തിച്ചിട്ടും കാര്യമുള്ളു.
ഇതിനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കടമുറികള്‍ ലേലത്തിനെടുത്ത വ്യാപാരികള്‍ ഒരുമാസം മുമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാതയെ നേരില്‍ കണ്ടിരുന്നു.
എന്നാല്‍ ബസ് സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് കാര്യത്തിനു മറുപടി കൊടുക്കാന്‍ ചെയര്‍പേഴ്സണ്‍ തയാറായില്ല.
ഫെബ്രുവരി 22നു നടന്ന ലേലത്തില്‍ രണ്ടു ലക്ഷം മുതല്‍ 30 ലക്ഷം വരെയുള്ള തുകയായിരുന്നു സ്ഥിര നിക്ഷേപമായി ഈടാക്കിയത്. ഈ ഇനത്തില്‍ അഞ്ചരക്കോടിയോളം രൂപ നഗരസഭയ്ക്ക് പിരിഞ്ഞുകിട്ടി.
കോട്ടച്ചേരിയിലെ പഴയ സ്റ്റാന്‍ഡ് ഏപ്രില്‍ ഒന്ന് മുതല്‍ അടച്ചിട്ട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏപ്രില്‍ ഒന്ന് മുതല്‍ പൂര്‍ണമായും ബസുകള്‍ സര്‍വീസ് തുടങ്ങുമെന്നായിരുന്നു ലേല വേളയില്‍ നഗരസഭ പങ്കെടുത്തവരെ അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നും നടപ്പായില്ല.
നീലേശ്വരം ഭാഗത്തേയ്ക്ക് പോകുന്ന ബസുകള്‍ കയറിയിറങ്ങിപോകുന്നതും ട്രിപ്പ് കഴിഞ്ഞ ബസുകളും ടൂറിസ്റ്റ് ബസുകളും നിര്‍ത്തിയിടാനുമുള്ള ഒരു സ്ഥലം മാത്രമാണിത്.
ശൗചാലയങ്ങള്‍, കെട്ടിട മുറികള്‍ എല്ലാം തന്നെ മലിനമായും വൃത്തിഹീനമായും കിടക്കുന്നു. ഷട്ടറുകള്‍ പലതും തുറക്കാനോ അടയ്ക്കാനോ പറ്റാതെ ദ്രവിച്ച നിലയിലാണ്.
യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ പലതും തുരുമ്പെടുത്തും ഒടിഞ്ഞും ഉപയോഗയോഗ്യമല്ലാതായി. ബസ് സ്റ്റാന്‍ഡിന്റെ നെയിംബോര്‍ഡിലെ പല അക്ഷരങ്ങള്‍ അടര്‍ന്നുവീണുകഴിഞ്ഞു. കോട്ടച്ചേരി പഴയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം കാലപ്പഴക്കം മൂലം ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞുവീഴാവുന്ന നിലയിലാണുള്ളത്.
പൊട്ടിപ്പൊളിഞ്ഞികിടക്കുന്ന ബസ് സ്റ്റാന്‍ഡ് ചെറിയൊരു മഴ പെയ്താല്‍ തന്നെ ചെളിക്കുളമാണ്.
പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടുന്ന കാഞ്ഞങ്ങാട്ട്, പഴയ ബസ് സ്റ്റാന്‍ഡില്‍ പേ പാര്‍ക്കിംഗ് സൗകര്യമൊരുക്കണമെന്നും ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് എത്രയും പെട്ടെന്ന് പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.