വയനാടിന്റെ നോവുകള്‍ കുറിച്ച്
1482844
Thursday, November 28, 2024 8:00 AM IST
ഉദിനൂര്‍: ഹൈസ്കൂള്‍ വിഭാഗം മലയാള കവിതാരചനയില്‍ ഒന്നാംസ്ഥാനം നേടിയ പിലിക്കോട് സികെഎന്എം ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ലാസിഫ നസ്രിന് വ്യത്യസ്തതകള്‍ ഏറെയുണ്ട്. ഹൈസ്കൂള്‍ ജീവിതത്തിന്റെ അവസാനവര്ഷത്തിലാണ് ലാസിഫ ആദ്യമായി കലോത്സവ കവിതാരചനയില്‍ പങ്കെടുക്കുന്നത്.
വാതിലുകളില്ലാത്ത മുറി എന്നതായിരുന്നു ഹൈസ്കൂള്‍ വിഭാഗം കവിതാരചനയ്ക്കുള്ള വിഷയം. സര്‍ഗധനരായ വിദ്യാര്‍ഥികള്‍ക്ക് ഏതുവഴിക്കും വികസിപ്പിച്ച് അവതരിപ്പിക്കാവുന്നൊരു വിഷയം കിട്ടിയപ്പോള്‍ ലാസിഫയുടെ ഭാവന ചെന്നെത്തിയത് ഉരുള്‍പൊട്ടലില്‍ എല്ലാം തകര്‍ന്ന വയനാട്ടിലേക്കാണ്.
തിരുവോണത്തിന് പൂക്കളം തീര്‍ത്ത അങ്കണവും സ്നേഹസദ്യ പങ്കിട്ട കുടുംബാംഗങ്ങളുമെല്ലാം മറഞ്ഞപ്പോള്‍ കണ്ണീരിന്റെ ഉറവ വറ്റി ബാക്കിയായ ഒരു യുവതി. പ്രിയരുടെ ചിതയ്ക്കരികില്‍ തീരാനോവായി നിന്നവള്‍. പ്രിയതമന്റെ ചിറകിനടിയില്‍ നിന്ന് വേര്‍പെട്ടവള്‍. വാതിലുകളില്ലാത്ത മുറി പോലെ അടഞ്ഞുപോയ അവളുടെ മനസിലെ നോവുകള്‍ ലാസിഫ കുറിക്കുമ്പോള്‍ വായനക്കാരുടെ മനസില്‍ തെളിയുക വയനാട് ദുരന്തത്തിന്റെ തീരാവേദനകളിലൊന്നായ ശ്രുതിയുടെ ചിത്രമാണ്.
നേരത്തേ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും മറ്റും കവിതകള്‍ കുറിച്ചിട്ടുള്ള മുന്‍പരിചയം മാത്രമാണ് ലാസിഫയ്ക്കുള്ളത്. അതുകൊണ്ടുതന്നെ മത്സര കവിതകളുടെ വാര്‍പ്പ് മാതൃകകളൊന്നും ഈ പതിനഞ്ചുകാരിയുടെ മുന്നിലുണ്ടായിരുന്നില്ല.
കുമ്പള കോസ്റ്റല്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് പിലിക്കോട് സ്വദേശി അബ്ദുള്‍ ലത്തീഫിന്റെയും സക്കീനയുടെയും മകളാണ്.