കേരള ബാങ്ക് ജീവനക്കാർ പണിമുടക്ക് തുടങ്ങി
1483052
Friday, November 29, 2024 7:22 AM IST
കാസർഗോഡ്: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാന വ്യാപകമായി മൂന്നുദിവസത്തെ പണിമുടക്ക് തുടങ്ങി. പണിമുടക്കിയ ജീവനക്കാർ കേരള ബാങ്ക് ജില്ലാ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. പ്രകാശ് റാവു ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ.എം. പ്രകാശൻ, പി. ലത, ശ്രീരേഖ, പി. സതി, വി.വി. ഗോപി, സുബ്രഹ്മണ്യൻ, കെ.വി. ശ്രീജിത്ത് കുമാർ, ശശിധരൻ കാനത്തൂർ എന്നിവർ പ്രസംഗിച്ചു. കുടിശികയായ 39 ശതമാനം ക്ഷാമബത്ത അനുവദിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ മൂന്നുവർഷമായി തടഞ്ഞുവെച്ചിരിക്കുന്ന പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.