കരുതലും കൈത്താങ്ങും; പരാതി പരിഹാര അദാലത്ത്: പരാതികൾ ഡിസംബർ 16 മുതൽ സ്വീകരിക്കും
1483060
Friday, November 29, 2024 7:22 AM IST
കാസർഗോഡ്: പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികൾ ജില്ലയിൽ ഡിസംബർ 16 മുതൽ സ്വീകരിച്ചു തുടങ്ങും. ഡിസംബർ 23 വരെ പരാതികൾ സമർപ്പിക്കാം.
രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കായിക, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുൽ റഹ്മാൻ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 28 മുതൽ ജനുവരി 6 വരെയാണ് ജില്ലയിൽ അദാലത്ത് നടക്കുന്നത്. 28 ന് കാസർഗോഡ് താലൂക്ക്, ജനുവരി മൂന്നിന് ഹൊസ്ദുർഗ്, നാലിന് മഞ്ചേശ്വരം, ആറിന് വെള്ളരിക്കുണ്ട് താലൂക്ക് എന്നിങ്ങനെയാണ് അദാലത്ത് നടക്കുക.
അദാലത്തിൽ പരിഗണിക്കുന്നതിനുള്ള പരാതികൾ ബന്ധപ്പെട്ട ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കരുതൽ പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം. പരാതി നൽകുന്നയാളുടെ പേര്, വിലാസം, ഇമെയിൽ, മൊബൈൽ നമ്പർ, വാട്സ്ആപ്പ് നമ്പർ, ജില്ല, താലൂക്ക്, പരാതിവിഷയം പരിശോധിച്ചിട്ടുള്ള ഓഫീസ്, ഫയൽ നമ്പർ എന്നിവ പരാതിയിൽ ഉൾപ്പെടുത്തണം.
ഭൂമി സംബന്ധമായ വിഷയങ്ങൾ, സർട്ടിഫിക്കറ്റുകളും ലൈസൻസുകളും നൽകുന്നതിലെ കാലതാമസവും നിരസിക്കലും, കെട്ടിട നമ്പർ, നികുതി, വയോജന സംരക്ഷണം, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ശാരീരികമോ മാനസികമോ ആയ വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്കരണം, പൊതുജലസ്രോതസുകളുടെ സംരക്ഷണം, കുടിവെള്ളം, റേഷൻ കാർഡ്, ചികിത്സാ ആവശ്യങ്ങൾ, കാർഷികവിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ, വളർത്തുമൃഗങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, സഹായം, ഭക്ഷ്യ സുരക്ഷ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികളും അപേക്ഷകളും, തണ്ണീർത്തട സംരക്ഷണം, അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നത്, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പ്രകൃതിദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം എന്നിവയാണ് അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ.