പരപ്പ ബ്ലോക്കിൽ 69 പട്ടികവര്‍ഗ കുടുംബങ്ങൾക്കുകൂടി ഭൂമിയായി
1483054
Friday, November 29, 2024 7:22 AM IST
കാസർഗോഡ്: ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്കുന്ന ലാൻഡ് ബാങ്ക് പദ്ധതി പ്രകാരം പരപ്പ ബ്ലോക്കിൽ 69 കുടുംബങ്ങൾക്കുകൂടി ഭൂമിയായി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളക്ടര്‍ കെ. ഇമ്പശേഖര്‍, പരപ്പ പട്ടികവർഗ വികസന ഓഫീസർ എം. അബ്ദുല്‍ സലാം, അസി. ഓഫീസർ കെ. മധുസൂദനന്, ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ എ. ബാബു എന്നിവര്‍ നേതൃത്വം നല്കി.
പദ്ധതിക്കായി 2022-23 വര്‍ഷം മാലോത്ത്, ബേളൂര്‍ വില്ലേജുകളില്‍ നിന്ന് 19.56 ഏക്കര്‍ ഭൂമിയാണ് ജില്ലാ കളക്ടറുടെ പേരില്‍ ഏറ്റെടുത്തിരുന്നത്. ഈ സഥലങ്ങൾ 25 സെന്റ് വീതമുള്ള 77 പ്ലോട്ടുകളാക്കി തിരിച്ചിരുന്നു.
പരപ്പ പട്ടികവർഗ വികസന ഓഫീസ് പരിധിയില്‍ ആകെയുണ്ടായിരുന്ന 206 അപേക്ഷകരിൽ 90 പേർക്കാണ് ഭൂമി അനുവദിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഇതിൽ നിന്ന് മരണപ്പെട്ടവരും മറ്റ് പദ്ധതികളില്‍ ഉള്‍പ്പെട്ട് ഭൂമി ലഭ്യമായവരുമായ ഒന്‍പത് പേരെ ഒഴിവാക്കി.
അവശേഷിച്ച 81 ഗുണഭോക്താക്കളിൽ നിന്നാണ് നറുക്കെടുപ്പിലൂടെ 69 പേരെ കണ്ടെത്തിയത്. ബാക്കി വന്ന 12 പേര്‍ക്ക് അടുത്ത പദ്ധതിയില്‍തന്നെ ഉള്‍പ്പെടുത്തി ഭൂമി നല്‍കുമെന്ന് ഇ. ചന്ദ്രശേഖരന് എംഎല്‍എ അറിയിച്ചു.
77 പ്ലോട്ടുകളില്‍ നിന്നും എട്ടെണ്ണം മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട എട്ട് പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചു. പാമത്തട്ടിലെ ആറ് പ്ലോട്ടുകള്‍ ബളാല്‍ മൂത്താടിയില് മഴക്കെടുതി മൂലം വീട് നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ക്കും ദേവഗിരിയിലെ രണ്ട് പ്ലോട്ടുകള്‍ ചെത്തിപ്പുഴ തട്ടിലുണ്ടായ ശക്തമായ മഴയില്‍ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്കുമാണ് അനുവദിച്ച് നല്‍കിയത്.