വെള്ളരിക്കുണ്ടിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണം തുടങ്ങാത്തതിൽ വ്യാപാരികളുടെ പ്രതിഷേധം
1461617
Wednesday, October 16, 2024 7:31 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും നില്പു സമരവും നടത്തി.
30 വർഷം മുമ്പ് സൗജന്യമായി സ്ഥലം ലഭിച്ചിട്ടും താലൂക്ക് ആസ്ഥാനം കൂടിയായ വെള്ളരിക്കുണ്ടിൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ തയാറാകാത്ത് വികസനത്തെ ബാധിച്ചുവെന്ന് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ദീർഘദൂര ബസുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ യാത്രക്കാർ വലയുകയാണ്. ഏതെങ്കിലും പാർട്ടികൾക്ക് എതിരല്ല നാടിന്റെ വികസനം മാത്രമാണ് വ്യാപാരികളുടെ ആവിശ്യമെന്നും അദ്ദേഹം പറഞ്ഞു. മുൻ ജില്ലാ സെക്രട്ടറി കെ.എം. കേശവൻ നമ്പീശൻ അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് പ്രസിഡന്റ് സാം സെബാസ്റ്റ്യൻ, ബേബി പനിക്കാത്തോട്ടം എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ സ്വാഗതവും ട്രഷറർ പി.വി. ഷാജി നന്ദിയും പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് ബെന്നി ജയിംസ് ഐക്കര, എ. അസൈനാർ എന്നിവർ നേതൃത്വം നൽകി.