ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജനി
1461616
Wednesday, October 16, 2024 7:31 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ബ്ലോക്കിന്റെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താന്‍ സുരങ്കങ്ങളുടെ പുനര്‍ജനിയുമായി ജില്ലാ ഭരണസംവിധാനം. തുളുനാടിന്റെ തനത് കുടിവെള്ള സ്രോതസുകളായ സുരങ്കങ്ങളെ സംരക്ഷിക്കുന്നതിനും അനാഥമാക്കപ്പെട്ടവയെ നവീകരിക്കുന്നതിലൂടെ ജല നിരപ്പ് ഉയര്‍ത്തുന്നതിനായി പുതിയ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്.
ഒറ്റ സുരങ്ക, ശാഖകളുള്ള സുരങ്ക, കണറ്റില്‍ അവസാനിക്കുന്ന സുരങ്ക, തിരശ്ചീന ഔട്ട്ലറ്റുള്ള കിണറ്റില്‍ ടണല്‍ സംവിധാനം എന്നിങ്ങനെ നാലു തരത്തിലുള്ള സുരങ്കങ്ങളാണ് കാസര്‍ഗോഡുള്ളത്. പുനര്‍ജനി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഹരിത കര്‍മസേനയും തൊഴലുറപ്പ് പദ്ധതി പ്രവര്‍ത്തകരും ചേര്‍ന്ന് സുരങ്കങ്ങള്‍ കണ്ടെത്തി കാട് വെട്ടിത്തെളിക്കും.
തുടര്‍ന്ന് സുരങ്കത്തിന്റെ പ്രത്യേകതകള്‍ അനുസരിച്ച് ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. സുരങ്കങ്ങളില് നിന്ന് തോടുകളിലൂടെ ഒഴുകി കടലില്‍ പോകുന്നതിലൂടെയുള്ള ജലനഷ്ടം കുറക്കും. നബാര്‍ഡ് സഹായത്തോടെ വാട്ടര്‍ ഷെഡ്, ഷട്ടര്‍ ഗേറ്റ്, സ്റ്റോറേജ് പിറ്റ് പദ്ധതികള്‍ നടത്തുക.നാര ശക്തി സെ ജല്‍ ശക്തി എന്ന ആശയത്തോടെ നടക്കുന്ന പദ്ധതിയിലൂടെ നാടിന്റെ തനത് ജല സ്രോതസുകളെ ചേര്‍ത്ത് പിടിക്കാനും ഭൂഗര്ഭജലത്തോത് വര്‍ധിപ്പിക്കുന്നതിനും സാധിക്കും.
ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഭൂജല നിരപ്പ് കുറഞ്ഞ കാസര്‍ഗോഡിന്റെ ഭൂജല നിരപ്പ് ഉയര്‍ത്തുന്നതിനായാണ് ഈ നവീന ആശയം അവതരിപ്പിച്ചത്. ജില്ലാ കളക്ടറുടെ ഇന്റേണുകളായ പി. അനാമിക, അശ്വതി എന്നിവര്‍ സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ട് ജല്‍ശക്തി അഭിയാന് അവലോകന യോഗത്തില്‍ കളക്ടര്‍ അംഗീകരിച്ചു. കാസര്‍കോടിന്റെ തനത് ജല സ്രോതസുകളെ ചേര്‍ത്ത് പിടിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്ന അഭിമാന പദ്ധതിയാണിതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.