വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരേ പ്രക്ഷോഭം നടത്തും
1461615
Wednesday, October 16, 2024 7:31 AM IST
ചുള്ളി: വനാതിർത്തികളിൽ ആനമതിൽ, സൗരോർജ ഫെൻസിംഗ്, കിടങ്ങുകൾ എന്നിവ നിർമിച്ച് കർഷകരുടെ ഭീതിയകറ്റണമെന്നും വിളകൾ നശിച്ച കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം. ബളാൽ മണ്ഡലം ചുള്ളി വാർഡ് കോൺഗ്രസ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ചുള്ളിയിലെ ഷാജിയുടെ വലിയൊരു ആടിനെ വനത്തിൽ നിന്ന് ഇറങ്ങിവന്ന പെരുംപാമ്പ് പിടിച്ചിരുന്നുവെങ്കിലും നഷ്ടപരിഹാരതുക ലഭിച്ചില്ല. വനംവകുപ്പിന്റെ ഇത്തരം കർഷകദ്രോഹ നടപടിക്കെതിരേ മലയോരകർഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ബ്ലോക്ക് ജനറൽ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി. നായർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ബെന്നി കിഴക്കേൽ, രാജൻ മരുതോം, ബിപിൻ അറയ്ക്കൽ, ടോമി പൂവക്കുളം, മിനി ആന്റണി, വിഷ്ണു ചുള്ളി എന്നിവർ പ്രസംഗിച്ചു.