നവീൻ ബാബുവിന്റെ മരണം; പ്രതിഷേധം ശക്തമാകുന്നു
1461614
Wednesday, October 16, 2024 7:31 AM IST
കൂട്ടഅവധിയെടുത്ത് പ്രതിഷേധിക്കും
കാസര്‍ഗോഡ്: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ യാത്രയയപ്പു ചടങ്ങില്‍ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിക്കും വിധം വിചാരണ നേരിട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, ജീവനക്കാര്‍ക്ക് ആത്മാഭിമാനത്തോടെയും നിര്‍ഭയമായും ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ജില്ലയിലെ റവന്യു ജീവനക്കാര്‍ ഇന്നു കൂട്ട അവധി എടുത്ത് പ്രതിഷേധിക്കും.
സംഭവത്തില്‍ പ്രതിഷേധിച്ച് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാര്‍ കളക്ടറേറ്റില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണം: എന്‍ജിഒ അസോ.
കാസര്‍ഗോഡ്: കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരള എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് എ.ടി. ശശി ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനില്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് ഭരണത്തില്‍ ഇടത് സര്‍വീസ് സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും രക്ഷയില്ലെന്നതിന്റെ തൊളിവാണ് നവീന്‍ ബാബുവിന്റെ മരണത്തിലൂടെ വെളിവാകുന്നത്. ജീവനക്കാരുടെ ജീവന് പൊലിയുമ്പോഴും അതിനെതിരെ പ്രതികരിക്കാനാവാതെ ഇടത് സര്‍വീസ് സംഘടനകളുടെ മൗനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെറ്റോ ചെയര്മാന് കെ.എ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ആഴത്തിലുള്ള വേദന: ജോയിന്റ് കൗൺസിൽ
കാസർഗോഡ്: എഡിഎം നവീൻബാബുവിന്റെ മരണം ആഴത്തിലുള്ള വേദനയാണ് ഉണ്ടാക്കിയതെന്ന് സിപിഐ സർവീസ് സംഘടന ജോയിന്റ് കൗൺസിൽ. ദീർഘകാലം ജില്ലയിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹത്തിനെതിരായി യാതൊരു തരത്തിലുള്ള അഴിമതി ആരോപണവും ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ല. പൊതുസമൂഹത്തോട് വളരെ മാന്യമായി പെരുമാറിയിരുന്ന വ്യക്തിയായിരുന്നു.
അദ്ദേഹത്തിന്റെ മരണകാരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് നരേഷ്കുമാർ കുന്നിയൂർ, ജില്ലാ സെക്രട്ടറി സി.കെ. ബിജുരാജ് എന്നിവർ ആവശ്യപ്പെട്ടു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരണം: കെജിഒയു
കാഞ്ഞങ്ങാട്: എഡിഎം നവീൻബാബുവിന്റെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് ഡോ. കെ.വി. പ്രമോദ് ആവശ്യപ്പെട്ടു.
കാസർഗോഡ് ജില്ലയിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് വളരെ നല്ല ഉദ്യോഗസ്ഥനെന്നു പേരുകേട്ട നവീൻബാബുവിന്റെ മരണം അത്യധികം വേദനാജനകമാണ്. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടിവരുമ്പോൾ ആത്മഹത്യയെന്ന തെറ്റായ തീരുമാനത്തിലേക്ക് ഉയർന്ന ഉദ്യോഗസ്ഥർ പോലും എത്തുന്നത് തീർത്തും ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു.