ഓണ്‍ലൈന്‍ തട്ടിപ്പ്: റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് നഷ്ടമായത് 40.77 ലക്ഷം
1460773
Saturday, October 12, 2024 5:34 AM IST
കാഞ്ഞങ്ങാട്: റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥന് ഉപ്പിലിക്കൈ കൊങ്ങിണിയന്വളപ്പിലെ എം. വിനോദിന് ഓണ്‍ലൈന്‍ നിക്ഷേപത്തട്ടിപ്പില്‍ 40.77 ലക്ഷം രൂപ നഷ്ടമായതായി പരാതി.
വന്‍തുക കമ്മീഷന് ലഭിക്കുമെന്ന് പറഞ്ഞാണ് വിനോദില്‍നിന്ന് പണം തട്ടിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാവ്യ മനു, ജയപ്രകാശ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ടെലിഗ്രാം വഴി പരിചയപ്പെട്ട സംഘത്തിന് ജൂണ്‍ 14 നും 30നും ഇടയിലാണ് പണം കൈമാറിയത്. നിക്ഷേപത്തില്‍ താത്പര്യം അറിയിച്ച പരാതിക്കാരന് ചെറിയ തുക ആദ്യം അയച്ചു. നിക്ഷേപിച്ചതിന്റെ ഇരട്ടി തുക തിരികെ ലഭിച്ചതോടെ വിശ്വാസം വര്‍ധിച്ചു. തുടര്‍ന്ന് ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് പലപ്പോഴായി 40.77 ലക്ഷം രൂപ അയച്ചു കൊടുത്തു.
മുംബൈ, കോഴിക്കോട്, ഗള്‍ഫ് എന്നിവിടങ്ങളിലെ അക്കൗണ്ടുകളിലേക്കാണ് പണം നല്‍കിയത്. പിന്നീട് പ്രതികരണമൊന്നും ഇല്ലാതെ വന്നതോടെയാണ് തട്ടിപ്പിന് ഇരയായതായി മനസിലായത് തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാവ്യ, ജയപ്രകാശ് എന്നീ പേരുകള്‍ വ്യാജമാണെന്നും കംബോഡിയയില്‍ നിന്നാണ് തട്ടിപ്പുകാര്‍ കരുക്കള്‍ നീക്കിയതെന്നും പോലീസ് പറയുന്നു.