അപൂർവരോഗം തളർത്തിയ മുൻ പ്രവാസി ചികിത്സാസഹായം തേടുന്നു
1460271
Thursday, October 10, 2024 8:37 AM IST
കോടോം: പ്രവാസജീവിതത്തിനിടയിൽ 32 വർഷം മുമ്പ് ബാധിച്ച അപൂർവ ചർമരോഗം ശരീരമാകെ തളർത്തിയതോടെ കിടപ്പിലായ ഗൃഹനാഥൻ ചികിത്സാസഹായം തേടുന്നു. കോടോം എരുമക്കുളത്തെ സി. രാമചന്ദ്രനാണ് ഹൈഡ്രാഡെനിറ്റിസ് സപ്പുറേറ്റീവ എന്ന അപൂർവ രോഗത്തിന്റെ ഇരയായത്. ശരീരമാസകലം വീക്കവും മുഴകളും ഉണ്ടാവുകയും ഇവ വളർന്ന് പൊട്ടി വെള്ളമൊലിച്ച് അസഹനീയമായ വേദന പരത്തുന്നതുമാണ് ഈ രോഗത്തിന്റെ സ്വഭാവം.
വർഷങ്ങൾക്കു മുമ്പ് രാമചന്ദ്രന്റെ ജീവിതസമ്പാദ്യമെല്ലാം ചെലവഴിച്ച് ചികിത്സ നടത്തി രോഗം ഒരു പരിധിവരെ ഭേദമാക്കിയതായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം രോഗം തിരിച്ചുവന്നതോടെ രാമചന്ദ്രൻ നിസഹായനായി. ഇപ്പോൾ നാലു മാസത്തിലധികമായി അസഹനീയമായ വേദന സഹിച്ച് ഉറങ്ങാൻ പോലും കഴിയാതെ വീട്ടിൽ കിടപ്പിലാണ്.
ഭാര്യയും സ്കൂൾ കുട്ടികളായ രണ്ടു മക്കളുമടങ്ങുന്നതാണ് രാമചന്ദ്രന്റെ കുടുംബം. ഈ രോഗത്തിന് വീണ്ടും ചികിത്സ നടത്താൻ ഭീമമായ തുക വേണ്ടിവരുമെന്ന അവസ്ഥയിലാണ് രാമചന്ദ്രനും കുടുംബവും സുമനസുകളുടെ സഹായം തേടുന്നത്. ഇതിനായി കോടോം-ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ചെയർപേഴ്സണായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സഹായങ്ങൾ നൽകാൻ താത്പര്യപ്പെടുന്നവർക്ക് കേരള ബാങ്ക് പെരിയ ബ്രാഞ്ചിലെ 181412801200293 (ഐഎഫ്എസ് സി: കെഎസ്ബികെ 0001814) എന്ന അക്കൗണ്ടിലോ 8606623701 എന്ന ഗൂഗിൾ പേ നമ്പറിലോ സഹായമെത്തിക്കാം.