ബിരിക്കുളം സ്കൂൾ ഏറ്റെടുക്കണമെന്ന ആവശ്യം നിരസിച്ച് വിദ്യാഭ്യാസ വകുപ്പ്
1458462
Wednesday, October 2, 2024 8:09 AM IST
ബിരിക്കുളം: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിനു കീഴിലുള്ള ബിരിക്കുളം എയുപി സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.
സ്കൂളിന്റെ നിലവിലുള്ള ഭരണസമിതിയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ചിട്ടുള്ളതാണെന്നും സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെയും പൊതുവിദ്യാഭ്യാസവകുപ്പിനെയും സമീപിച്ച സി.ഒ. സജി സ്കൂളിന്റെ ഭരണസമിതി അംഗമോ ഭരണസമിതിയുടെ നിയന്ത്രണാധികാരമുള്ള കിനാനൂർ സെക്കൻഡ് ഗ്രാമസേവാസമിതിയിലെ അംഗമോ അല്ലാത്തതിനാൽ ഇയാളുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നുമാണ് പൊതുവിദ്യാഭ്യാസവകുപ്പിനുവേണ്ടി ജോയിന്റ് സെക്രട്ടറി ബി.ടി. ബിജുകുമാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സ്കൂൾ സർക്കാർ ഏറ്റെടുക്കേണ്ടതായ യാതൊരു സാഹചര്യവും നിലവിലില്ലെന്നാണ് നിലവിലുള്ള ഭരണസമിതിയും പിടിഎയും അറിയിച്ചിട്ടുള്ളതെന്നും ഉത്തരവിൽ പറയുന്നു.
സ്കൂളിന്റെ നിലവിലുള്ള ഭരണസമിതി നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പൊതുപ്രവർത്തകനായ സി.ഒ. സജി ഹൈക്കോടതിയെയും പൊതുവിദ്യാഭ്യാസവകുപ്പിനെയും സമീപിച്ചിരുന്നത്.
ഈ ആരോപണങ്ങൾ ശരിയാണെന്ന് റവന്യൂ വകുപ്പ് റിപ്പോർട്ട് നല്കുകയും ചെയ്തു. എന്നാൽ, ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാനോ സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടാനോ പരാതിക്കാരന് സാങ്കേതികമായി അധികാരമില്ലെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.
നിലവിലുള്ള ഭരണസമിതിയോ അതിലെ അംഗങ്ങളോ ഇക്കാര്യം ആവശ്യപ്പെട്ടാൽ മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, ഇത്തരമൊരു ആവശ്യത്തിനായി നിലവിലുള്ള ഭരണസമിതി തന്നെ സർക്കാരിനെ സമീപിക്കുമോ എന്ന ചോദ്യം ബാക്കിനില്ക്കുന്നു. നാലേക്കർ സർക്കാർ ഭൂമി സ്കൂളിനായി ഉപയോഗിക്കുന്നുണ്ടെന്ന കാര്യം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിലും പറയുന്നുണ്ട്.
സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് പരാതിക്കാരനും നിലവിലുള്ള ഭരണസമിതിക്കും ബന്ധപ്പെട്ട മറ്റുള്ളവർക്കും പറയാനുള്ള കാര്യങ്ങൾ കേട്ടുകൊണ്ട് സർക്കാർ തീരുമാനമെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്.
എന്നാൽ, പരാതിക്കാരന് ഇക്കാര്യത്തിൽ ഒന്നും പറയാനുള്ള അധികാരമില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ഹൈക്കോടതി വിധി യഥാർഥത്തിൽ പാലിക്കപ്പെട്ടോ എന്ന കാര്യത്തിലും സംശയം നിലനില്ക്കുകയാണ്.