സംസ്ഥാനപാത നവീകരണത്തിലെ അനാസ്ഥ; സമരവും ഏകദിന ഉപവാസവും നാളെ
1458111
Tuesday, October 1, 2024 7:56 AM IST
രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിൽ ബന്ധപ്പെട്ടവർ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രത്യക്ഷ ജനകീയ സമരവുമായി മലനാട് വികസന സമിതി.
ഇതിന്റെ ആദ്യപടിയായി ഗാന്ധിജയന്തി ദിനമായ നാളെ ബളാംതോട് വച്ച് ചക്രസ്തംഭന സമരവും ഏകദിന ഉപവാസവും നടത്തും. സമരത്തിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹായ സഹകരണവും അഭ്യർഥിക്കുന്നതായി മലനാട് വികസനസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാജപുരം സെന്റ് പയസ് ടെൻത് കോളജ് അധ്യാപകനും അന്താരാഷ്ട്ര അംഗീകാരം നേടിയ ശാസ്ത്രഗവേഷകനുമായ ഡോ. സിനോഷ് സ്കറിയാച്ചൻ സമരം ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയാകും. സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ. സരിത, അംഗം ഷിനോജ് ചാക്കോ, രാജപുരം ഫെറോന വികാരി ഫാ. ജോസ് അരിച്ചിറ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിക്കും. അടുത്ത ഘട്ടമായി മലനാട് വികസന സമിതി പ്രതിനിധികൾ ഇ. ചന്ദ്രശേഖരൻ എംഎൽഎയ്ക്കൊപ്പം ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കിഫ്ബി ഡയറക്ടർ കെ.എം. എബ്രഹാം എന്നിവരെ കണ്ട് സംസ്ഥാനപാതയുടെ നവീകരണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന ആവശ്യം ഉന്നയിക്കും. തുടർന്നും നടപടികൾ നീട്ടിക്കൊണ്ടുപോയാൽ മലയോര ജനതയെ ഒന്നടങ്കം തെരുവിലിറക്കി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ മലനാട് വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട്, വൈസ് ചെയർമാൻ കെ.ജെ. സജി, ജനറൽ സെക്രട്ടറി ബി. അനിൽകുമാർ, ട്രഷറർ അജി ജോസഫ്, ആർ.സി. രജനീദേവി എന്നിവർ സംബന്ധിച്ചു.