കാഞ്ഞങ്ങാട് 18 കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കും
1457652
Monday, September 30, 2024 1:41 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 18 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അരുണ്‍കുമാര്‍ ചതുര്‍വേദി അറിയിച്ചു. ഇന്നലെ ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തിയ അദ്ദേഹം റെയില്‍വേ സ്റ്റേഷനിലെ വിവിധ വിവിധ വികസനപ്രവര്‍ത്തനങ്ങളും ആവശ്യങ്ങളും വിലയിരുത്തി.
രണ്ടു ഭാഗത്തേക്കും ആളുകള്‍ക്ക് നടന്നുപോകാവുന്ന വിധത്തില്‍ റെയില്‍വേ സ്റ്റേഷന്റെ
വടക്കുഭാഗത്ത് പുതിയൊരു മേല്‍പ്പാലം, ആധുനിക രീതിയിലുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയ, പുതിയ കെട്ടിടം, ഇലക്ട്രോണിക് ഡിസ്പ്ലേ ബോര്‍ഡുകള്‍, പ്ലാറ്റ്ഫോമുകളുടെ എല്ലാ ഭാഗങ്ങളിലും മേല്‍ക്കൂര, റെയില്‍വേ സ്റ്റേഷന് റോഡിന്റെ നവീകരണം തുടങ്ങിയ പദ്ധതികള്‍ എത്രയും പെട്ടെന്ന് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അമൃത് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കാഞ്ഞങ്ങാടിനെ ഉള്‍പ്പെടുത്തി കൂടുതല്‍ വികസന പ്രവൃത്തികള്‍ നടത്തുന്നതിനും ശ്രമിക്കുന്നുണ്ട്.
കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയില്‍വേയുടെ പരിഗണനയിലുണ്ടെന്നും ഡിആര്‍എം പറഞ്ഞു.രണ്ടാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കായി വിശ്രമമുറിയും ടിക്കറ്റ് കൗണ്ടറും പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് പൊതുജനങ്ങള്‍ക്കായി ഒരു മേല്‍ നടപ്പാലവും നിര്‍മിക്കണമെന്നും സ്റ്റേഷനിലെ അടച്ചുപൂട്ടിയ റിസര്‍വേഷന്‍ കൗണ്ടര്‍ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികള്‍ ഡിആര്‍എമ്മിന് നിവേദനം നല്കി. ഫോറം ഭാരവാഹികളായ കെ. മുഹമ്മദ്കുഞ്ഞി, കെ.പി. മോഹനന്, പി.എം. അബ്ദുള്‍ നാസര്‍, അബ്ദുൾ സത്താര്‍, സ്റ്റീഫന്‍ ജോസഫ്, അജിത് കുമാര്‍ കുന്നരുവത്ത്, നഗരസഭ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, കൗണ്‍സിലര്‍ എച്ച്. ശിവദത്ത് എന്നിവര്‍ സംബന്ധിച്ചു.