കലുങ്ക് പണി എങ്ങുമെത്തിയില്ല; മാലക്കല്ല് ടൗണിൽ വെള്ളക്കുഴി
1457391
Sunday, September 29, 2024 1:43 AM IST
മാലക്കല്ല്: സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട കലുങ്കിന്റെ പണി എങ്ങുമെത്തിക്കാതെ കരാറുകാർ പണി നിർത്തിപ്പോയതോടെ മാലക്കല്ല് ടൗണിൽ അപകടക്കെണിയൊരുക്കി വെള്ളക്കുഴി.
പൂക്കയം-മാലക്കല്ല് റോഡ് ജംഗ്ഷനോടു ചേർന്ന് ദിവസവും നൂറുകണക്കിന് വിദ്യാർഥികളും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയോരത്താണ് കലുങ്കിനായി നിർമിച്ച ആഴമുള്ള കുഴിയുളളത്.
പൂക്കയം പൂക്കുന്നം മലമുകളിൽ നിന്നും കുത്തിയൊലിച്ചു വരുന്ന വെള്ളമാണ് ഒഴുകിപ്പോകാൻ വഴിയില്ലാതെ ഇവിടെ കെട്ടിക്കിടക്കുന്നത്. നേരത്തേ എംഎൽഎ ഉൾപ്പെടെ ഇടപെട്ട് ഇവിടുത്തെ കലുങ്കിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ കരാറുകാർ പണി നിർത്തിയതോടെ അതെല്ലാം വെറുതെയായി.
മഴ കഴിഞ്ഞും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും ഭീഷണിയാവുകയാണ്.
പൊതുമരാമത്ത് അധികൃതർ എത്രയും വേഗം ഇതിന് പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.