പിടിച്ചെടുത്ത മണൽലോറികളിൽ ചീരക്കൃഷി
1457390
Sunday, September 29, 2024 1:43 AM IST
കാഞ്ഞങ്ങാട്: അനധികൃത മണൽകടത്തുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും പോലീസും പിടിച്ചെടുത്ത് മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ നിർത്തിയിട്ടിരിക്കുന്ന ലോറികളിൽ മാലിന്യമുക്തം നവകേരളം ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചീരകൃഷി തുടങ്ങുന്നു.
ലോറികൾക്ക് ചുറ്റിലും മുകളിലുമായി വളർന്നുമൂടിയ കാടും പടർപ്പുകളും നീക്കി മണൽക്കൂനകൾ നിരപ്പാക്കിയാണ് കൃഷിക്കായി ഒരുക്കിയത്. നഗരസഭാധ്യക്ഷ കെ.വി. സുജാതയുടെ നേതൃത്വത്തിൽ ലോറികളിൽ ചീരവിത്ത് വിതച്ചു. കാഞ്ഞങ്ങാടിന്റെ തീരദേശത്തെ മണൽനിറഞ്ഞ പാടങ്ങളിലെ തനതുകൃഷിയായ ചെഞ്ചീര ഇനി ഈ ലോറികളിലെ മണലിലും വളരും.
മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ കാടുമൂടിക്കിടക്കുന്ന വാഹനങ്ങൾ സുരക്ഷാഭീഷണിയാകുന്നതായി നേരത്തേ പരാതി ഉയർന്നിരുന്നു. സാമൂഹ്യവിരുദ്ധരും ലഹരി ഇടപാടുകാരും ഈ വാഹനങ്ങളെ മറയാക്കുന്നതായും ഇഴജന്തുക്കൾക്കും തെരുവുനായകൾക്കും ആവാസകേന്ദ്രമാകുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. പിടിച്ചെടുത്ത വാഹനങ്ങൾ കഴിവതും വേഗത്തിൽ ലേലം ചെയ്തോ മറ്റു രീതിയിലോ ഒഴിവാക്കുന്നതിനു തന്നെയാണ് മുൻഗണനയെന്നും കേസുകളുടെ നൂലാമാലകളും സാങ്കേതികപ്രശ്നങ്ങളും മൂലമാണ് ഇതിന് കാലതാമസമുണ്ടാകുന്നതെന്നും റവന്യൂ അധികൃതർ പറഞ്ഞു.