കുഴഞ്ഞു വീഴുന്നവരെ എങ്ങനെ രക്ഷിക്കാം? ചീമേനി ടൗണിൽ ഒരു മോക് ഡ്രിൽ
1457388
Sunday, September 29, 2024 1:43 AM IST
ചീമേനി: പെട്ടെന്ന് കുഴഞ്ഞുവീണ് അപകടാവസ്ഥയിലാകുന്നവരെ എങ്ങനെ ജീവൻ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാം..? ലോക ഹൃദയാരോഗ്യ ദിനത്തിനു മുന്നോടിയായി കയ്യൂർ കുടുംബാരോഗ്യകേന്ദ്രവും ചീമേനി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററും ചീമേനി ഗവ. എച്ച്എസ്എസിലെ എൻഎസ്എസ് യൂണിറ്റും ചേർന്ന് ചീമേനി ടൗണിൽ നടത്തിയ മോകത് ഡ്രില്ലിലൂടെ പഠിപ്പിച്ചത് ഈ കാര്യമാണ്.
ലോക ഹൃദയാരോഗ്യദിനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന കൂട്ട നടത്തത്തിന്റെ തയാറെടുപ്പിനിടയിൽ നാടക കലാകാരൻ അശോകൻ പെരിങ്ങാര ടൗണിൽ കുഴഞ്ഞുവീഴുന്നു. ഓടിക്കൂടിയ നാട്ടുകാർ പെട്ടെന്ന് കരുതിയത് ഇത് യഥാർഥ സംഭവമാണെന്നാണ്. അപ്പോഴേക്കും കൂട്ടത്തിലുണ്ടായിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ കെ.രാജീവൻ മുന്നോട്ടുവന്ന് ശാസ്ത്രീയമായ പ്രഥമശുശ്രൂഷയും സിപിആറും നൽകി ജീവൻ രക്ഷിക്കുന്നതാണ് എല്ലാവരും കണ്ടത്. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രസീത, ഹ്രസ്വചിത്ര സംവിധായകൻ സജിത്ത് കെ. രാജീവ്, ആംബുലൻസ് ഡ്രൈവർ സുബിൻ എന്നിവരും ഈ മോക് ഡ്രില്ലിന്റെ ആവിഷ്കരണത്തിൽ പങ്കാളികളായി.
തുടർന്ന് ഹൃദയസംരക്ഷണത്തിനായി എടുക്കേണ്ട മുൻകരുതലുകളെയും ശാസ്ത്രീയമായ പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെയും കുറിച്ച് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എച്ച്. ലിന്റ ജനങ്ങളോട് വിശദീകരിച്ചു. തുടർന്ന് നടന്ന യഥാർഥ കൂട്ടനടത്തം കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് പി. ശശിധരൻ ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം. ശ്രീജ, കെ.പി. ലത, കെ. ശശികല, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി.പി. പ്രസന്ന, പി.പി. ദിവ്യ, സ്കൂൾ എൻഎസ്എസ് കോ-ഓർഡിനേറ്റർ ടി.കെ. ഉഷ, എൻഎസ്എസ് വോളണ്ടിയർമാർ, അധ്യാപകർ, ഓട്ടോ-ടാക്സി തൊഴിലാളികൾ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെല്ലാം കൂട്ടനടത്തത്തിൽ പങ്കാളികളായി.