വന്യമൃഗ ശല്യത്തിനെതിരെ വനംവകുപ്പ് ഓഫീസിലേക്ക് കെഎസ്കെടിയു മാർച്ച് ഒക്ടോബർ നാലിന്
1457387
Sunday, September 29, 2024 1:43 AM IST
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതിനെതിരെ കർഷക തൊഴിലാളി യൂണിയൻ കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ നാലിന് കരിന്തളത്തുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് കെഎസ്കെടി വില്ലേജ് സെക്രട്ടറി എം. ചന്ദ്രൻ, പ്രസിഡന്റ് കെ. ലെനിൻ പ്രസാദ് എന്നിവർ അറിയിച്ചു.
വന്യമൃഗശല്യം മൂലം പഞ്ചായത്തിൽ ജനജീവിതം ദുഷ്കരമാവുകയാണ്. ജനങ്ങളുടെ ജീവനോപാധിയായ കാർഷികവിളകൾ നശിപ്പിക്കുന്നതിനൊപ്പം ജീവനുതന്നെ ഭീഷണിയാകുന്ന നിലയിലാണ് വന്യമൃഗങ്ങൾ വിഹരിക്കുന്നത്. വളരെ അധ്വാനിച്ചും പണം ചെലവിട്ടും പരിപാലിക്കുന്ന കപ്പ, വാഴ, ചേമ്പ്, പച്ചക്കറികൾ തുടങ്ങിയ കാർഷികവിളകളൊന്നും തന്നെ കർഷകർക്ക് വിളവെടുക്കാൻ കിട്ടുന്നില്ല. പുലർച്ചെ ജോലിക്ക് പോകുന്ന ടാപ്പിംഗ് തൊഴിലാളികളെ പന്നി ആക്രമിക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്.
മീർകാനത്തെ ടാപ്പിംഗ് തൊഴിലാളിയായ സോണി പന്നിയുടെ അക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലാണ്. ഇപ്പോൾ പുലി തന്നെ ഇറങ്ങിയെന്ന വാർത്ത ജനങ്ങളിൽ വലിയ ഭീതിയാണ് പടർത്തിയിരിക്കുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതി നല്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരമുണ്ടെന്ന് പറയുമ്പോഴും അതൊന്നും വേണ്ടവിധത്തിൽ പ്രായോഗികമാകുന്നില്ല. ഇതിനെതിരായി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്കുമെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.