നൈറ്റ് ലൈഫ് ഇല്ലാത്ത നഗരങ്ങൾ
1452903
Friday, September 13, 2024 1:30 AM IST
കാഞ്ഞങ്ങാട്: മറ്റു നഗരങ്ങളിൽ കഴിയുന്ന കാസർഗോഡ് ജില്ലക്കാർ ഓണത്തിനും മറ്റു വിശേഷാവസരങ്ങളിലും നാട്ടിലെത്തിയാൽ അറിയാതെ ചിന്തിച്ചുപോകുന്നൊരു കാര്യമുണ്ട്. ഇവിടെ മാത്രമെന്താ എട്ടുമണി കഴിഞ്ഞാൽ നഗരങ്ങൾ പോലും ഉറക്കത്തിലാകുന്നതെന്ന്. മെട്രോ നഗരങ്ങളിലും ഐടി മേഖലയിലുമൊക്കെ ജോലിചെയ്യുന്നവർ പണിത്തിരക്കിന്റെ ക്ഷീണമെല്ലാം തീർക്കുന്നത് രാത്രിയിലും ഉണർന്നിരിക്കുന്ന ഷോപ്പിംഗ് മാളുകൾ മുതൽ തട്ടുകടകൾ വരെയുള്ള നഗരകേന്ദ്രങ്ങളിലാണ്.
വൻനഗരങ്ങളിലെപ്പോലെ 24 മണിക്കൂറും തുറന്നിരിക്കേണ്ട ആവശ്യമില്ലെങ്കിലും ചുരുങ്ങിയത് 10 മണി വരെയെങ്കിലും നഗരങ്ങൾ ഉണർന്നിരിക്കേണ്ടതല്ലേ എന്ന ചോദ്യം തീർച്ചയായും ന്യായമാണ്. പക്ഷേ കാസർഗോട്ടും നീലേശ്വരത്തും എട്ടുമണിയാകുമ്പോഴേക്ക് കടകളിലെ വെളിച്ചമെല്ലാം അണഞ്ഞ് ഏതാണ്ട് ഇരുട്ടിലായിക്കഴിഞ്ഞിരിക്കും. അല്പമെങ്കിലും ഉണർന്നിരിക്കുന്നത് കാഞ്ഞങ്ങാട് മാത്രമാണ്. ഒമ്പതുമണി കഴിയുമ്പോഴേക്ക് ഇവിടെയും ഏറെക്കുറെ ഇരുട്ടിലാകും.
പലയിടങ്ങളിലും റോഡിലെ സൗരോർജവിളക്കുകൾ പോലും പ്രകാശിക്കാത്തത് ഇരുട്ടിന്റെ ആഴം കൂട്ടും. റംസാൻ നോമ്പുകാലത്ത് മാത്രമാണ് ഇതിന് അല്പമെങ്കിലും വ്യത്യാസമുണ്ടാവുക.
കടകൾ അടയ്ക്കുന്നത് മാത്രമല്ല പ്രശ്നം. എട്ടുമണി കഴിഞ്ഞാൽ ട്രെയിനിറങ്ങിയോ മറ്റു തരത്തിലോ നഗരങ്ങളിലെത്തുന്നവർക്ക് മറ്റിടങ്ങളിലേക്ക് പോകാൻ ബസ് സർവീസുകളും നാമമാത്രമാണ്. ജില്ലാ ആസ്ഥാനമായ കാസർഗോഡ് നഗരത്തിൽ എട്ടുമണി കഴിഞ്ഞ് എത്തിപ്പെടുന്നവർക്ക് മുറിയെടുത്ത് തങ്ങുകയേ വഴിയുള്ളൂ. വിജനമായ റോഡിൽ ഒരുപാടുനേരം കാത്തുനില്ക്കുന്നതും പ്രശ്നമാണ്.
പ്രധാന റോഡുകളോടു ചേർന്ന ചില കേന്ദ്രങ്ങളിൽ രാത്രികാലത്ത് തുറന്നു പ്രവർത്തിക്കുന്ന ചില തട്ടുകടകൾ മാത്രമാണ് അതതിടങ്ങളെ സജീവമാക്കി നിലനിർത്തുന്നത്. കാഞ്ഞങ്ങാട് നഗരത്തോടു ചേർന്ന പ്രദേശങ്ങളിലും കാസർഗോട്ടേക്കുള്ള സംസ്ഥാനപാതയിലെ ചില കേന്ദ്രങ്ങളിലും ഇത്തരം തട്ടുകടകളുണ്ട്. ഇവിടങ്ങളിൽ കുടുംബങ്ങളുൾപ്പെടെ രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കാനെത്തുന്നുമുണ്ട്. ക്രിമിനൽ സംഘങ്ങളുടെ കേന്ദ്രമാവാതിരിക്കാൻ ഇത്തരം കേന്ദ്രങ്ങളിൽ പോലീസ് പട്രോളിംഗും സജീവമാണ്.
നൈറ്റ് ലൈഫിനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടെങ്കിലും ജില്ലയുടെ മലയോരമേഖലയിൽ ഇതുവരെ ഇത്തരം സംവിധാനങ്ങൾ സജീവമായിട്ടില്ല. കൂടുതൽ റിസോർട്ടുകളുൾപ്പെടെ സ്ഥാപിച്ച് വിനോദസഞ്ചാരമേഖല സജീവമായാൽ ഇക്കാര്യത്തിലൊരു മാറ്റമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.