‘മനുരത്നയിൽ’ നൂറുമേനി കൊയ്ത് ജനശ്രീ യൂണിറ്റുകൾ
1452051
Tuesday, September 10, 2024 1:46 AM IST
പിലിക്കോട്: കരനെൽകൃഷിയിൽ നൂറുമേനി കൊയ്ത് ജനശ്രീ സുസ്ഥിര വികസന മിഷൻ.
പിലിക്കോട് വയൽ പ്രിയദർശിനി ജനശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് അര ഏക്കർ സ്ഥലത്ത് കരനെൽകൃഷി വിളവെടുത്തത്. പിലിക്കോട് ഉത്തരമേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും എത്തിച്ച അത്യുത്പാദന ശേഷിയുള്ള മനുരത്ന നെൽവിത്താണ് രണ്ടു യൂണിറ്റുകളുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്. ജനശ്രീ പ്രവർത്തകരായ 35 പേരാണ് വയലിലിറങ്ങി കൃഷി പണിക്ക് നേതൃത്വം നല്കിയത്.
അര ഏക്കറിൽ ഇറക്കിയ നെൽകൃഷി അത്യുത്പാദന ശേഷിയുള്ള വിത്തായതിനാൽ ചുരുങ്ങിയ വേളയിൽ തന്നെ വിളഞ്ഞ് പാകമായി. കൊയ്തെടുത്ത നെൽകറ്റകൾ ജനശ്രീ അംഗങ്ങൾ തല്ലി നെൽമണികൾ വേർപെടുത്തി ശേഖരിച്ചു. അടുത്ത വർഷം കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനുള്ള തയ്യാറാടുപ്പിന്റെ ഭാഗമായി വിത്ത് ശേഖരിച്ച് വച്ച് ബാക്കി വരുന്ന നെല്ല് അരിയാക്കി ജനശ്രീ അംഗങ്ങളുടെ കുടുംബ സംഗമത്തിൽ ഭക്ഷണത്തിന് ഉപയോഗിക്കുവാനാണ് തീരുമാനം.
യുഡിഎഫ് തൃക്കരിപ്പൂർ മണ്ഡലം കൺവീനർ പി .കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. അഭിജിത്ത്, എം. രജീഷ് ബാബു, എൻ. സുലോചന, എ.വി. കുഞ്ഞികൃഷ്ണൻ, കെ.വി. ദാമാദരൻ, കൊളങ്ങര രാഘവൻ, ടി. രാജൻ, എ.വി. ബാബു, കെ. പ്രീത, സുനിത രവി, വി. ഗീത എന്നിവർ പ്രസംഗിച്ചു.