അഗ്നിരക്ഷാ നിലയത്തിന്റെ കോൺക്രീറ്റ് സീലിംഗ് അടർന്നുവീണു
1431189
Monday, June 24, 2024 1:05 AM IST
ഇരിട്ടി: പഴയ ഗവ. ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇരിട്ട ഫയർ ആൻഡ് റസ്ക്യു ഓഫീസിന്റെ സീലിംഗ് കോൺക്രീറ്റടക്കം തകർന്നു വീണു. ഓഫീസിലുണ്ടായിരുന്ന സേനാംഗങ്ങൾ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. കാലപ്പഴക്കം നേരിടുന്ന കെട്ടിത്തിന്റെ ചോർന്നൊലിക്കുന്ന മേൽക്കൂരയുടെ കോൺക്രീറ്റടക്കമുള്ള സീലിംഗ് തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം മഴയിൽ ചുറ്റുമതിലും തകർന്നിരുന്നു.
രണ്ടു വർഷം മുന്പ് അഗ്നിരക്ഷാ നിലയത്തിന് പുതിയ കെട്ടിടം പണിയുന്നതിന് ഇരിട്ടി-പേരാവൂർ റോഡിൽ സ്ഥലം അനുവദിച്ചിരുന്നെങ്കിലും തുടർന്നുള്ള ബജറ്റുകളിൽ കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.
കാലപ്പഴക്കം നേരിടുന്ന നിലവിലെ അഗ്നിരക്ഷാ നിലയമായ പഴയ ആശുപത്രി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്ക് വകുപ്പ് പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പും ആരോഗ്യവകുപ്പും തമ്മിലുള്ള ശീതസമരം കാരണം അറ്റകുറ്റപ്പണികൾ നടത്താനായിട്ടില്ല.
നിലവിൽ ബലക്ഷയം ബാധിച്ച കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങൾ കൂടി ഏതുനിമിഷവും അടർന്ന് വീണേക്കാമെന്ന അവസ്ഥയിലാണ്. കെട്ടിടത്തിനു പിന്നിലെ പഴയ ജലസംഭരണിയും അപകടഭീഷണി ഉയർത്തുന്നുണ്ട്.
ഈ സാഹചര്യത്തിൽ സ്റ്റേഷൻ എത്രയും പെട്ടെന്ന് സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാണ്.