വൈദികർക്ക് നേർക്കുള്ള അതിക്രമം അപലപനീയം: കത്തോലിക്ക കോണ്ഗ്രസ്
1540888
Tuesday, April 8, 2025 6:24 AM IST
മാനന്തവാടി: മധ്യപ്രദേശിലും ഒഡീഷയിലും വൈദികർക്കും വിശ്വാസികൾക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങൾ അപലപനീയമാണെന്ന് കത്തോലിക്കാ കോണ്ഗ്രസ് മാനന്തവാടി രൂപത പ്രവർത്തകസമിതി യോഗം.
മധ്യപ്രദേശിലെ ജബൽപുർ രൂപത വികാരി ജനറാൾ ഫാ. ഡേവിഡ് ജോർജ്, പ്രോക്യുറേറ്റർ ഫാ. ജോർജ് തോമസ് എന്നിവരെയും വിശ്വാസികളെയും പോലീസ് സ്റ്റേഷൻ കോന്പൗണ്ടിൽ ആണ് ബജരംഗ്ദൾ പ്രവർത്തകർ തല്ലിച്ചതച്ചത്.
പോലീസിന്റെ കണ്മുന്പിൽ അക്രമികൾ അഴിഞ്ഞാട്ടം നടത്തിയിട്ടും പോലീസ് കാഴ്ചക്കാരായിരുന്നു. രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായപ്പോഴാണ് ദിവസങ്ങൾക്ക് ശേഷം പോലീസ് പേരിനെങ്കിലും കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഒഡീഷയിലെ ബർഹാംപുർ രൂപതയിലെ ജുബാ ഇടവക വികാരി ഫാ. ജോഷി ജോർജിനെയും വിശ്വാസികളെയും പള്ളിയങ്കണത്തിൽ വച്ചാണ് പോലീസുകാർ അതിക്രൂരമായി തല്ലിച്ചതച്ചത്. പള്ളിയിൽ ഉണ്ടായിരുന്ന വസ്തുക്കൾ പോലീസ് എടുത്തുകൊണ്ടു പോകുകയും ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് തന്നെയാണ് മർദ്ദനമഴിച്ചുവിട്ടതും വസ്തുക്കൾ കൊള്ള ചെയ്തതും. പോലീസുകാർക്കെതിരേ ഗവണ്മെന്റ് യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. ഛത്തീസ്ഗഡിൽ ദുഃഖവെള്ളി പ്രവർത്തനദിനം ആക്കിയതും ക്രൈസ്തവിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണ്.
ഉത്തരേന്ത്യയിൽ വർധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ സമീപനങ്ങളിൽ ഗവണ്മെന്റുകളും പോലീസും ആർഎസ്എസ് സംഘടനയായ ബജരംഗ്ദളും നേതൃത്വം നൽകുന്നത് അപലനീയമാണ്.
ദ്വാരക പാസ്റ്റിൽ സെന്ററിൽ നടന്ന രൂപതാ പ്രവർത്തകസമിതി യോഗം കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് ജോണ്സൻ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ട്രഷറർ സജി ഫിലിപ്പ്, സാജു പുലിക്കോട്ടിൽ, റെനിൽ കഴുതാടിയിൽ, തോമസ് പാഴൂക്കാല, അന്നകുട്ടി ഉണ്ണിക്കുന്നേൽ, ഗ്ലാഡീസ് ചെറിയാൻ, ബീന കരിമാങ്കുന്നേൽ, തോമസ് പട്ടമന, സജി ഇരട്ടമുണ്ടക്കൽ, സുനിൽ പാലമറ്റം, ജിജോ മംഗലത്ത്, റോബി താന്നിക്കുന്നേൽ, ഡേവി മങ്കുഴ, വിൻസന്റ് ചാരുവേലിൽ, റെജിമോൻ പുന്നോലിൽ, മാതു ചെന്പാല, ജിൽസ് മേക്കൽ എന്നിവർ പ്രസംഗിച്ചു.26, 27 തീയതികളിൽ പാലക്കാട് നടക്കുന്ന കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ മഹാസമ്മേളനം, റാലി എന്നിവ വിജയിപ്പിക്കാനും തീരുമാനിച്ചു.
മേയ് മാസത്തിൽ രൂപത ഭാരവാഹികൾക്കും ഫെറോനാ ഭാരവാഹികൾക്കുമായി ക്യാന്പ് നടത്തുവാനും മേയ് നാല് സാമുദായിക ദിനമായി ആചരിക്കുവാനും ഏപ്രിൽ, മെയ് മാസങ്ങളിൽ എല്ലാ ഇടവകകളിലും യൂണിറ്റുകൾ ശക്തീകരിക്കാനും തീരുമാനിച്ചു.