താരലേലവും ലഹരിവിരുദ്ധ സംഗമവും നടത്തി
1540875
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: താരലേലത്തോടൊപ്പം ലഹരിവിരുദ്ധ സംഗമവും നടത്തി മാതൃകയാവുകയാണ് പടിഞ്ഞാറത്തറ സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്. ഷെയ്ഖ്സ് ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ ബാനറിൽ ക്ലബ് സംഘടിപ്പിക്കുന്ന നാലാമത് സംസ്കാര പ്രീമിയർ ലീഗിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
പടിഞ്ഞാറത്തറ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, കാസിം ദാരിമി, പി.പി. മുഹമ്മദ് സഖാഫി, ഹാരിസ് കണ്ടിയൻ, എൻ. സുകുമാരൻ, വർഗീസ്, രാജീവൻ, സി.കെ. റഷീദ്, ജെസ്വിൻ, ഷാജി കോറോത്ത്, ബേബി തുടങ്ങി മത-സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
പടിഞ്ഞാറത്തറ ടൗണ്‍ എസ്ഐ സന്തോഷ് ചന്ദ്രൻ ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പരിപാടിയിൽ പഞ്ചായത്തിലെ മുഴുവൻ ക്ലബ് ഭാരവാഹികളും സന്നിഹിതരായിരുന്നു. ലഹരിയെന്ന മഹാവിപത്തിനെതിരെയാവണം ആദ്യ പോരാട്ടം എന്ന ബോധ്യമാണ് ഇത്തരത്തിൽ ഒരു ആശയത്തിന് പ്രചോദനമായതെന്ന് ക്ലബ്ഭാരവാഹികൾ അഭിപ്രായപ്പെട്ടു. 21 മുതൽ 26 വരെയാണ് ടൂർണമെന്റ് നടക്കുന്നത്.