കാൻസർ രോഗികൾക്ക് വിഗ് നൽകി
1540095
Sunday, April 6, 2025 5:57 AM IST
മാനന്തവാടി: കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് വിഗ് ലഭ്യമാക്കി ജ്യോതിർഗമയും കമില്ലസ് ടാസ്ക് ഫോഴ്സും. കാൻസർ ചികിത്സയിൽ മുടി നഷ്ടമാകുന്ന നിർധന രോഗികൾക്കാണ് വിഗ് നൽകുന്നത്.
കലാലയങ്ങൾ, സ്കൂളുകൾ, ആതുരാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മുടി ദാനം ചെയ്യാൻ സന്നദ്ധരായവരിൽനിന്നു ശേഖരിക്കുന്ന മുടി കമില്ലസ് സെമിനാരിയിലെ ടാസ്ക് ഫോഴ്സുമായി സഹകരിച്ച് ആലുവയിൽ എത്തിച്ചാണ് വിഗ് തയാറാക്കുന്നത്. കാൻസർ രോഗികൾക്ക് സൗജന്യമായാണ് വിഗ് നൽകുന്നത്. കാൻസർ ബാധിതരായ സ്ത്രീകളിൽ കീമോതെറാപ്പി ആരംഭിക്കുന്നതോടെ മുടി കൊഴിയുന്നത് പതിവാണ്.
സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കഴിഞ്ഞ ദിവസം മുടി ദാനം നടന്നു. വികാരി ഫാ. ബേബി പൗലോസ് ഉദ്ഘാടനം ചെയ്തു. ജ്യോതിർഗമയ കോ ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ഫാ.ആൽബിൻ മൂഞ്ഞനാട്ട്, ഫാ.വർഗീസ് താഴത്തേക്കുടി, ബിനു വാണാക്കുടി, ബെറ്റി ജെബി, അനില വാഴത്തോട്ടം, രാജു അരികുപുറം എന്നിവർ നേതൃത്വം നൽകി.