പുൽപ്പള്ളി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കണമെന്ന്
1540876
Tuesday, April 8, 2025 6:14 AM IST
പുൽപ്പള്ളി: ടൗണിൽ വാഹനങ്ങൾ നടപാതയിൽ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വഴിയാത്രക്കാർ പ്രതിസന്ധിയിലായി. വാഹനപ്പെരുപ്പം ടൗണിൽ നിയന്ത്രണാതീതമായതോടെ ടൗണിലെത്തുന്ന വാഹനങ്ങൾ നിർത്തിയിടാനിടമില്ല ഇതുമൂലം പലരും വാഹനങ്ങൾ നടപ്പാതയിലാണ് പാർക്ക് ചെയ്യുന്നത്. പ്രധാനപാതയുടെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്ക് വർധിക്കാൻ കാരണം. സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക്പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
ആനപ്പാറ, ചെറ്റപ്പാലം മെയിൻ റോഡുകളിൽ പലപ്പോഴും ഗതാഗതക്കുരുക്ക് രൂപപ്പെടുന്നത് പതിവായിരിക്കുകയാണ്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണവും വർധിച്ചതുമൂലം സ്വകാര്യ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. നിശ്ചിത എണ്ണം ഓട്ടോകളും ടാക്സികളും സ്റ്റാൻഡിൽ പാർക്ക് ചെയ്യാൻ അനുവദിക്കുകയും സ്വകാര്യ വാഹനങ്ങൾക്കും ടൗണിൽ പാർക്ക് ചെയ്യാൻ അവസരം നൽകുകയും വേണം. ട്രാഫിക് പരിഹാരം നടപ്പാക്കി പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.