കുടിയേറ്റ മേഖലയിൽ വീണ്ടും ലഹരി സംഘങ്ങൾ സജീവമാകുന്നു
1540883
Tuesday, April 8, 2025 6:24 AM IST
പുൽപ്പള്ളി: കുടിയേറ്റമേഖലയിലെ ലഹരിമാഫിയകൾ പിടിമുറുക്കുന്നു. യുവാക്കളും, വിദ്യാർഥികളുമാണ് മാഫിയാസംഘത്തിന്റെ ഇരകളായി മാറുന്നത്. ടൗണിലെയും, ഗ്രാമീണ മേഖലയിലെയും ഒഴിഞ്ഞ സ്ഥലങ്ങളിൽ വെച്ചാണ് കച്ചവടം നടത്തിവരുന്നത്. വീട് വാടകക്കെടുത്താണ് സംഘങ്ങൾ ലഹരിവിൽപ്പന നടത്തുന്നവരും ഏറെയാണ്.
പുൽപ്പള്ളി ബസ്റ്റാന്റ്, താഴെയങ്ങാടി, ഗ്രീൻവാലി റോഡ്, ചുണ്ടക്കൊല്ലി റോഡ് തുടങ്ങിയ ആളൊഴിഞ്ഞ പ്രദേശങ്ങളിലാണ് വിൽപ്പനസംഘങ്ങൾ സജീവലമായിരിക്കുന്നത്. പൊലീസിന്റെയും, എക്സൈസിന്റെയും കണ്ണ് വെട്ടിക്കുന്നതിനായി ആഡംബര കാറുകളിലും മറ്റുമെത്തിയാണ് ലഹരിവിൽപ്പന നടത്തുന്നത്.
നേരത്തെ കഞ്ചാവ് വിൽപ്പനയായിരുന്നു സജീവമെങ്കിൽ ഇപ്പോഴത് മാറി മയക്കുമരുന്ന് വിൽപ്പന ശക്തമായിരിക്കുന്നത്. കബനിനദി കടന്നാണ് മയക്കുമരുന്ന് പുൽപ്പള്ളി മേഖലയിലേക്ക് എത്തുന്നത്.
പുൽപ്പള്ളി പൊലീസ് സ്റ്റേഷന്റെ സമീപത്തെ കെട്ടിടത്തിൽ പോലും പട്ടാപകൽ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
ലഹരി ഉപയോഗിച്ച് വാഹനങ്ങളിൽ സാഹസികയാത്ര നടത്തുന്നതും ഇവിടെ വർദ്ധിച്ചിരിക്കുകയാണ്.ഇതിനെ അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.